 കമ്പ്യൂട്ടറുകളും പ്രിന്ററും മറ്റും തകർത്തു

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് റിസപ്ഷനിലെ രണ്ട് കമ്പ്യൂട്ടറുകളം പ്രിന്ററും പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും തകർത്തു. തേവര സ്വദേശി ആൽബിൻ ബെന്നിയാണ് ആക്രമണം നടത്തിയത്. സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. കേസ് എടുത്തിട്ടില്ല.

ഇന്നലെ രാവിലെ 11.40ഓടെയാണ് ആൽബിൻ അർദ്ധനഗ്നനായി ആശുപത്രിയിലേക്ക് അതിക്രമിച്ചുകയറിയത്. ഷർട്ട് വാങ്ങാൻ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. റിസപ്ഷൻ ക്യാബിനിലെ കമ്പ്യൂട്ടറും മറ്റുമാണ് തകർത്തത്. യുവാവിന്റെ പരാക്രമത്തിൽ പതറാതെ നിന്ന ജീവനക്കാരി ശാന്തമായി ഇടപെട്ട്, പണം നൽകാമെന്ന് അറിയിച്ച് ആൽബിനെ അനുനയിപ്പിച്ചു. ഈസമയം സ്ഥലത്ത് എത്തിയ സെൻട്രൽ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ആൽബിന്റെ സഹോദരിയുടെ വിവാഹമായിരുന്നു ഇന്നലെ. ഇതിനിടെയാണ് ഇയാൾ ആശുപത്രിയിൽ പരാക്രമം അഴിച്ചുവിട്ടത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതിനാൽ ആശുപത്രി അധികൃതർ വൈകിട്ടോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് യുവതിയോട് മോശമായി പെരുമാറിയതിന് നാട്ടുകാർ ഇയാളെ കൈയ്യേറ്റം ചെയ്തതായും ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ടാണ് ജനറൽ ആശുപത്രിയിൽ എത്തിയതെന്നും വിവരമുണ്ട്. പൊലീസ് ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.