മൂവാറ്റുപുഴ : എസ്.എൻ.ഡി. പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലെ 33 ശാഖകളിലും ഗുരുദേവ ജയന്തി ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജയന്തി ദിനമായ സെപ്തംബർ 7ന് രാവിലെ മുതൽ എല്ലാ ശാഖകളിലേയും ആഘോഷം നടക്കും. ഉച്ചഭക്ഷണത്തിന് ശേഷം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലേക്ക് വൈകിട്ട് 4 ന് മൂവാറ്റുപുഴയിൽ ഘോഷയാത്ര നടക്കും. ഘോഷയാത്ര പി.ഒ ജംഗ്ഷൻ, കച്ചേരിത്താഴം, ബി.ഒ.സി, വെള്ളൂർക്കുന്നം എന്നിവ ചുറ്റി മൂവാറ്റുപുഴ ടൗൺഹാളിലെ ഗുരുദേവ നഗറിൽ സമാപിക്കും. മഹാജയന്തിസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ചതയ ദിനസന്ദേശവും സമ്മാനദാനവും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വിദ്യാഭ്യാസ അവാർഡ് ദാനം നഗരസഭ ചെയർമാൻ പി.പി. എൽദോസും നിർവഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ,​ വാർഡ് കൗൺസിലർ ജിനു മടേക്കൽ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ എന്നിവർ സംസാരിക്കും.