മൂവാറ്റുപുഴ: നഗരസഭയിൽ യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ 27ന് നടക്കുന്ന നഗരസഭ ഓഫീസ് മാർച്ചിന്റെയും കുറ്റപത്ര സമർപ്പണത്തിന്റെയും ഭാഗമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭ പ്രദേശത്ത് പ്രചാരണ വാഹന ജാഥ നടത്തി. കടാതി കുര്യൻ മലയിൽ നിന്ന് തുടങ്ങിയ ജാഥ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. കെ. വി രവി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നഗരസഭ പ്രദേശത്ത് പര്യടനം നടത്തി വൈകിട്ട് എസ്.എൻ.ഡി.പി അമ്പലംകുന്നിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ സജി ജോർജ്, എം.എ സഹീർ, ആർ. രാകേഷ്, കെ. ജി അനിൽകുമാർ, പി.ബി അജിത് കുമാർ, ജാഥ ക്യാപ്റ്റൻ യു.ആർ. ബാബു, വൈസ് ക്യാപ്റ്റൻ കെ.പി അലിക്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. 27ന് രാവിലെ 10ന് ടി.ബി ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന മാർച്ച് നഗരസഭ ഓഫീസിനു മുന്നിൽ സമാപിക്കും. തുടർന്ന് നടത്തുന്ന ധർണയും കുറ്റപത്രം സമർപ്പണവും സി.പി. എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്യും.