മരട്: ശക്തമായ ഒഴുക്കിൽപ്പെട്ട് കുമ്പളത്ത് കായലിൽ കേവ് വള്ളം മുങ്ങി. വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ ഏഴ് മണിയോടെ കൈതപ്പുഴ കായലിൽ അരൂർ പാലത്തിന് സമീപത്ത് മുക്കിൽപ്പാട്ടിലാണ് അപകടമുണ്ടായത്. ചെമ്പ് കാട്ടിക്കുന്ന് ഭാഗത്ത് നിന്ന് പൂഴിയും കയറ്റി വന്ന കേവ് വള്ളം നിയന്ത്രണം വിട്ട് ഊന്നിക്കുറ്റിയിലിടിച്ച് മറിയുകയായിരുന്നു. കാട്ടിക്കുന്ന് കൊല്ലംപറമ്പിൽ സത്യൻ (52), ചാണിയിൽ സജീവൻ (54), ചെമ്പുവാലയിൽ സതീശൻ, ബ്രഹ്മമംഗലം സ്വദേശി ഹരിദാസ് (65) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.
രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസിയായ ശങ്കരമംഗലം ദീപക് പാലത്തിന് മുകളിൽ നിന്ന് അപകടം കണ്ടയുടനെ സുഹൃത്തായ ചിറ്റേഴത്ത് രതീഷിനെ അറിയിച്ചു. രതീഷ് വിളിച്ചറിയിച്ചത് പ്രകാരം കൈനികാട്ട് നികർത്തിൽ ജയദേവൻ വഞ്ചിയുമായി കായലിലെത്തി നാല് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഊന്നിക്കുറ്റിയിൽ പിടിച്ച് കിടന്നതാണ് തൊഴിലാളികൾക്ക് രക്ഷയായത്. രണ്ട് ലോഡ് പൂഴിയും കയറ്റി കാട്ടിക്കുന്നിൽ നിന്ന് അരൂരിലേക്കു പോകുകയായിരുന്നു വള്ളം. മത്സ്യത്തൊഴിലാളികളായ ഓമനക്കുട്ടൻ, ദിലീപ്, മധു, രതീഷ് എന്നിവരും
രക്ഷാപ്രവർത്തനത്തിൽ ഒപ്പം ചേർന്നു. പനങ്ങാട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.