പറവൂർ: പറവൂരിലെ ആരാധാനലയങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ കൂടുന്നു. ഒന്നര മാസത്തിനിടെ മൂന്ന് ക്ഷേത്രങ്ങളിലും ഒരു പള്ളിയിലും ഒരു ഗുരുമണ്ഡപത്തിലുമാണ് മോഷണം നടന്നത്. ഇവിടെയെല്ലാം രണ്ടാമതും മൂന്നാമതുമാണ് മോഷണം നടക്കുന്നത്. ശനിയാഴ്ച രാത്രിയിൽ പെരുമ്പടന്ന വാടാപ്പിള്ളിപറമ്പ് പേമാരിയമ്മൻ കോവിലിലാണ് അവസാനമായി മോഷണം നടന്നത്. സ്‌റ്റോർ റൂം കുത്തിത്തുറന്ന് പൂജാ സാമഗ്രികളും പാത്രങ്ങളും അടക്കം ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. ഒരു വർഷത്തിനിടെ മൂന്നാം പ്രാവശ്യമാണ് ഈ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്.
ചിറ്റാറ്റുകര കളരിക്കൽ ദേവീ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. സ്‌റ്റോർ റൂമിന്റെ താഴ് അറുത്ത് ഓടിന്റെ വലിയ തട്ട് വിളക്ക് മോഷ്‌ടിച്ചു. കഴിഞ്ഞ 17ന് ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളിയിലെ നേർച്ച പെട്ടികൾ കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ 16ന് എസ്.എൻ.ഡി.പി യോഗം ചെറിയപല്ലംതുരുത്ത് ശാഖാ ഗുരുമണ്ഡപത്തിലെ നിലവിളക്ക് മോഷണം പോയി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് നിലവിളക്ക് മോഷണം. ജൂലായ് 20ന് കുഞ്ഞിത്തൈ കല്ലച്ചൻമുറി മുത്തപ്പൻ ബാലഭദ്രാദേവി ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കത്തിച്ചുവെച്ചിരുന്ന നാല് ഓട്ടുനിലവിളക്കുകൾ മോഷ്ടിച്ചു. ഇതിന് മുമ്പും ക്ഷേത്രത്തിൽ മോഷണശ്രമം നടന്നിട്ടുണ്ട്. മെയ് 14ന് ചെറിയ പല്ലംതുരുത്ത് ശ്രീസരസ്വതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്റ്റോർ റൂമിലെ അലമാര കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണാഭരണങ്ങൾ, 35 നിലവിളക്കുകൾ, ഓട്ടുപാത്രങ്ങൾ എന്നിവ മോഷണം പോയി.
മെയ് 6ന് ചെറിയപ്പിള്ളി ശ്രീനാരായണ വിദ്യാവർദ്ധിനി സഭയുടെ കീഴിലുള്ള പുളിക്കൽ ശ്രീഭദ്രകാളി ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ നൂറ് കിലോ തൂക്കം വരുന്ന ദീപസ്തംഭം, മുപ്പത് ഓട്ടുവിളക്കുകൾ, ആറ് ഭണ്ഡാരങ്ങൾ, ഒരു തൂക്ക് വിളക്ക്, ഓടിന്റെ രണ്ട് കലശക്കുടങ്ങൾ, മൂന്ന് ചിലമ്പുകൾ, പൂജാപാത്രങ്ങൾ എന്നിവ മോഷണം പോയി. കഴിഞ്ഞ വർഷം നവംബർ 24ന് കെടാമംഗലം പടിക്കൽ ദേവീക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിതുറന്ന് ഏഴ് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു.
ചെറിയപ്പിള്ളി പുളിക്കൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ മാത്രമാണ് പൊലീസ് പിടികൂടിയത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ തുടരുന്നതിനാൽ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.