ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്ത് മത്സ്യബന്ധനം യാനം ഇടിച്ച് യാത്രാബോട്ട് തകർന്ന് പതിനൊന്ന് പേർ മരിച്ച സംഭവം നടന്നിട്ട് ഒരു പതിറ്റാണ്ട് തികയുന്നു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലിയെന്ന വാഗ്ദാനം ഇന്നും മരീചികയായി തുടരുന്നു. 2015ലെ ഓണക്കാലത്താണ് വൈപ്പിൻ നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരികയായിരുന്ന കൊച്ചി നഗരസഭയുടെ അധീനതയിലുള്ള എം.ബി ഭാരത് എന്ന യാത്രാബോട്ട് അപകടത്തിൽപ്പെടുന്നത്. സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് ടൂറിസ്റ്റ് ജെട്ടിയിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന വള്ളം അമിത വേഗതയിൽ അലക്ഷ്യമായി യാത്ര ബോട്ടിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രാബോട്ടും വള്ളവും തകർന്ന് കായലിൽ താഴ്ന്നു. ഏകദേശം 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ പതിനൊന്ന് പേരാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.
ഓണക്കാലത്തുണ്ടായ ഈ അപകടം കൊച്ചിയെ ശോകമൂകമാക്കി. വിദേശികളും നാട്ടുകാരും ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബോട്ടിന്റെ കാലപഴക്കത്തെ സംബന്ധിച്ചും വലിയ വിവാദമുണ്ടായിരുന്നു. അപകടത്തെ സംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കമ്മിഷനെയും നിയോഗിച്ചിരുന്നു.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപയും നഗരസഭ രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകി. പരിക്കേറ്റവർക്ക് ചികിത്സ സഹായമായി പതിനായിരം രൂപയും ഗുരുതരമായി പരിക്കേറ്റ രണ്ട് പേർക്ക് രണ്ട് ലക്ഷം രൂപ വീതവും നഗരസഭ നൽകി. എന്നാൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകാമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ഇന്നും മത്സ്യ ബന്ധന വള്ളങ്ങൾ അലക്ഷ്യമായി എത്തുന്നതും കൂട്ടമായി കെട്ടിയിടുന്നതും സാധാരണമാണ്. ഇക്കാര്യത്തിൽ ഒരു നടപടിയും അധികൃതർ എടുക്കുന്നില്ല.