പെരുമ്പാവൂർ: വേങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആദിവാസി മേഖലയായ പൊങ്ങൻ ചുവടിൽ സബ് സെന്റർ ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. കാട്ടാന ശല്യമുള്ള ഇവിടെ ആന ഫെൻസിംഗ് പൊട്ടിക്കുകയോ പോസ്റ്റ് ഒടിക്കുകയോ ചെയ്താൽ അത്യാവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രശ്നമുയർത്തുന്നുണ്ട്. 40 കിലോമീറ്ററിലേറെ സഞ്ചരിച്ച് വേണം പൊങ്ങൻ ചുവടിലെത്താൻ. ഇവിടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിൽ നിന്ന് ഇലക്ട്രിസിറ്റി ബോർഡ് പിൻവാങ്ങണമെന്നും പൊങ്ങൻ ചുവട് കേന്ദ്രീകരിച്ച് ഇലക്ട്രിക്കൽ സബ് സെന്റർ അനുവദിച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇട്ടൂപ്പ് ആവശ്യപ്പെട്ടു.