പെരുമ്പാവൂർ: തോട്ടുവയെയും കുറിച്ചിലക്കോടിനെയും ബന്ധിപ്പിക്കുന്ന മൂഴിപ്പാലം വേണമെന്നുള്ള പ്രദേശവാസികളുടെ പതിറ്റാണ്ടുകളുടെ ആവശ്യത്തിന് പരിഹാരമാകുന്നു. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽപ്പെടുത്തി മൂഴിപ്പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിനുള്ള പ്രവൃത്തിക്കുള്ള ആദ്യഘട്ട അനുമതി ലഭ്യമായി. ബെന്നി ബഹനാൻ എം.പിയുടെയും എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെയും ഇടപെടലിലാണ് പദ്ധതിക്ക് ജീവൻ വച്ചത്.
പാലം വരുന്നതോടെ വല്ലം - പാണംകുഴി റോഡിന്റെ സമാന്തരമായി കാലടി താന്നിപ്പുഴയിൽ നിന്ന് ചേരാനല്ലൂർ തോട്ടുവ വഴി കുറിച്ചിലക്കോടിനും മലയാറ്റൂരിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യുന്നതിന് സഹായകമാകും.
ശ്രദ്ധാകേന്ദ്രങ്ങൾ
തോട്ടുവ ധന്വന്തരി ക്ഷേത്രം, ചേരാനല്ലൂർ സെന്റ് സേവേഴ്സ് പള്ളി, മംഗള ഭാരതി ആശ്രമം, ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആർട്ട് ഒഫ് ലിവിംഗ് ആശ്രമം, നടൻ ജയറാമിന്റെഉടമസ്ഥതയിലുള്ള ആനന്ദ് ഫാം, നേവൽ ബേസ് ഹോം, വരാപ്പുഴ ലത്തീൻ അതിരൂപതയുടെ ധ്യാന കേന്ദ്രം.
ഈ പ്രദേശത്തിന്റെ ആത്മീയ-ടൂറിസം രംഗങ്ങളിലെ വളർച്ചയ്ക്ക് ഏറെ ഗുണകരമാകുന്ന വികസനമാണ് മൂഴിപ്പാലവും റോഡും നിർമ്മിക്കുന്നതോടെ ഉണ്ടാകുക. തുടർ നടപടികൾക്കായി ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം അംഗീകാരം നൽകിയതിനെ തുടർന്ന് ഡി.പി.ആർ, എസ്റ്റിമേറ്റ് തുടങ്ങിയ തയ്യാറാക്കുന്നതിന് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മനോജ് മൂത്തേടൻ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മുഴിപ്പാലവുംഅനുബന്ധ റോഡും യാഥാർത്യമാക്കുന്നതിന് എല്ലാ സഹായവും പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കും
മായ കൃഷ്ണകുമാർ
കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്