1
മറുവക്കാട് പാട ശേഖരത്തിലെ ഉപ്പ് വെള്ളം വറ്റിക്കൽ തുടങ്ങിയപ്പോൾ

പള്ളുരുത്തി: ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ 261 ഏക്കർ വിസ്തൃതിയുള്ള നെൽവയലുകൾ ഇനി കതിരണിയും. കർഷകർക്ക് വിത്ത് വിതയ്ക്കുവാൻ പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട് ഉപ്പുവെള്ളം വയലുകളിൽനിന്ന് ഒഴിവാക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. സർക്കാരിന്റെ ധനസഹായത്തിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് 50 എച്ച്പിയുടെ മോട്ടോർപമ്പുകളിൽ രണ്ടെണ്ണം പ്രവർത്തനം തുടങ്ങി. മറ്റ് തടസങ്ങൾ ഉണ്ടായില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ വയലുകളിലെ വെള്ളം പൂർണമായും വറ്റിച്ച് നെൽക്കൃഷി ആരംഭിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങും.

പാടശേഖര ഭാരവാഹികൾ ജൂലായ് 20 മുതൽ വെള്ളം ഒഴിവാക്കുന്ന പ്രവർത്തനങ്ങൾ ഏകപക്ഷീയമായി അവസാനിപ്പിച്ചിരുന്നു.പ്രതിസന്ധിയിലായ നെൽകർഷകർ മുളപ്പിച്ച വിത്തുകളുമായി വകുപ്പു മന്ത്രിയേയും കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നു. തുടർന്ന് അന്നത്തെ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനപ്രകാരം ദിവസക്കൂലിക്ക് സ്വകാര്യ പമ്പ് ഓപ്പറേറ്റർമാരെ നിയോഗിച്ച് വെള്ളം ഒഴിവാക്കുന്ന നടപടികൾ സ്വീകരിക്കാൻ തീരുമാനമായിരുന്നു.

പാടശേഖര ഭാരവാഹികളുടെ സ്വാധീനത്തിന് വഴങ്ങി സ്വകാര്യ പമ്പ് ഓപ്പറേറ്റർമാർ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്ന പശ്ചാത്തലത്തിൽ കർഷകർ തന്നെയാണ് നേരിട്ട് മോട്ടോറുകൾ പ്രവർത്തിപ്പിക്കുവാൻ രംഗത്തുള്ളത്. ഇതിനാവശ്യമായ വൈദ്യുതി സർക്കാർ സൗജന്യമായി നൽകും . രണ്ടാഴ്ചത്തേക്ക് ആവശ്യമായ ധനസഹായം പി.എൽ.ഡി.എ ഫണ്ടിൽനിന്ന് നൽകുവാൻ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.

നാലുമാസം വൈകിയാണെങ്കിലും വെള്ളം പമ്പുചെയ്തുകളയാൻ സാഹചര്യമൊരുക്കിയ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കും മാദ്ധ്യമപ്രവർത്തകർക്കും നെൽകർഷകർ നന്ദി രേഖപ്പെടുത്തുന്നതായി കർഷകരായ എം.എം. ചന്തു, ഫ്രാൻസിസ് കളത്തിങ്കൽ, എം.സി. ദീപക്, ഫിലോമിന ബേബി ജോസഫ്, ഷേർളി ജെയിംസ് കുരിശിങ്കൽ, സരോജിനി ചന്തു, എം.സി. ദിലീഷ്, ലില്ലി ജോസഫ് എന്നിവർ അറിയിച്ചു.