* സ്വർണം വിൽക്കാനെത്തുമെന്ന് മാർവാഡിക്ക്
കൊലപാതകത്തിന് മുമ്പേ രാജേഷിന്റെ സന്ദേശം
കോതമംഗലം: ഊന്നുകല്ല് വേങ്ങൂർ സ്വദേശിനി ശാന്തയെ കൊലപ്പെടുത്തി മൃതദേഹം മാൻഹോളിൽ ഒളിപ്പിച്ച കേസിലെ പ്രതി രാജേഷ് കവർന്ന സ്വർണത്തിൽ ഒരുഭാഗം മാറ്റിവാങ്ങി കൈമാറിയത് ഭാര്യയ്‌ക്ക്.
അടിമാലിയിലെ മാർവാഡിയിൽ നിന്ന് കുറച്ച് സ്വർണം മാറ്റിവാങ്ങുകയും ബാക്കി വിൽക്കുകയുമായിരുന്നു. അടിമാലി സ്വദേശിയായ രാജേഷിനായി അന്വേഷണം തുടരുകയാണ്. കൊലപാതകം പുറത്തായതോടെ നേര്യമംഗലത്തെ വാടകവീട്ടിൽ നിന്ന് കടന്ന ഇയാൾ കേരളത്തിന് പുറത്തേക്ക് പോയിരിക്കാനുള്ള സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നു.
സ്വർണാഭരണങ്ങൾ വിറ്റ്കിട്ടിയ പണവുമായാണ് കടന്നത്. രാജേഷ് സഞ്ചരിച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയിരുന്നു. സ്വർണാഭരങ്ങൾ വാങ്ങിയ മാർവാഡിയെയും പൊലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൊലപാതകം ആസൂത്രിതമാണെന്നതിന് തെളിവുകൾ ലഭിച്ചു. താൻ സ്വർണാഭരണങ്ങളുമായി എത്തുമെന്ന് കൊലപാതകം നടക്കുന്നതിന് മുമ്പ് തന്നെ രാജേഷ് മാർവാഡിയെ അറിയിച്ചിരുന്നു. രാജേഷിന്റെ ബന്ധുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
ശാന്തയെ കാണാതായെന്ന് ബന്ധുക്കൾ കുറുപ്പംപടി പൊലിസിൽ പരാതിപ്പെട്ടപ്പോഴും രാജേഷ് നേര്യമംഗലത്തെ വീട്ടിലുണ്ടായിരുന്നു. കൊലപാതകം പുറത്തറിയുമെന്ന ഘട്ടത്തിലാണ് നാടുവിട്ടത്. ശാന്തയെ 18ന് കാണാതായെങ്കിലും ബന്ധുക്കൾ പരാതി നൽകിയത് 20 നാണ്. 18 ന് രാത്രി ഊന്നുകല്ലിലെ ആൾത്താമസമില്ലാത്ത വീട്ടിൽ വച്ച് കൊലപ്പെടുത്തി മാലിന്യ ടാങ്കിനോട് ചേർന്നുള്ള മാൻഹോളിലാണ് ഒളിപ്പിച്ചത്. തലക്ക് പിന്നിൽ ഇരുമ്പ് വടി പോലുള്ള ആയുധം ഉപയോഗിച്ച് ആഘാതമേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്.
വീടും പരിസരവും പരിശോധിച്ചെങ്കിലും ആയുധം കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. നാല് ദിവസത്തെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു.