കൊച്ചി: വിശ്വാസികൾ തമ്മിലുണ്ടായ തർക്കത്തിലും അൾത്താര കൈയാങ്കളിയിലും സിറോമലബാർസഭയുടെ മേജർ അതിരൂപതാ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ പ്രതിദിന കുർബാന നിലച്ചിട്ട് ആയിരം ദിനങ്ങൾ പിന്നിട്ടു. ബസലിക്ക തുറക്കണമെന്ന് ആവശ്യമുയരുമ്പോഴും സമവായം സൃഷ്‌ടിക്കാൻ സഭാനേതൃത്വത്തിനാകുന്നില്ല.
തർക്കത്തിന്റെ തുടക്കം
കുർബാനത്തർക്കം രൂക്ഷമായ 2022 നവംബർ 27നാണ് കുർബാന മുടങ്ങിയത്. ഏകീകൃത കുർബാന അർപ്പിക്കാൻ അതിരൂപതുടെ ഭരണച്ചുമതല വഹിച്ചിരുന്ന ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ശ്രമിച്ചത് ഒരുവിഭാഗം തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെ നിർദ്ദേശപ്രകാരം വിശ്വാസികളില്ലാതെ ബസിലിക്ക വികാരി ആന്റണി നാരികുളം തനിച്ച് കുറച്ചുദിവസം കുർബാന അർപ്പിച്ചു. 2022ഡിസംബർ 23ന് ക്രിസ്‌മസ് അനുബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റർ ഫാ.ആന്റണി പൂതവേലി ഏകീകൃത കുർബാന അർപ്പിക്കാൻ ശ്രമിച്ചതും സംഘർഷത്തിൽ കലാശിച്ചു. അൾത്താരയിലെ വസ്തുക്കളുൾപ്പെടെ സംഘർഷത്തിൽ തകർന്നു. തുടർന്ന് അടച്ച ദേവാലയം 1,005 ദിവസം കഴിഞ്ഞും തുറക്കാനായിട്ടില്ല.
ചർച്ചകൾ വിഫലം
1. സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കില്ലെന്ന് ഒരുവിഭാഗം വൈദികരും വിശ്വാസികളും കടുംപിടുത്തം തുടരുന്നതാണ് തടസത്തിന പ്രധാനകാരണം. ബസലിക്ക തുറന്ന് ആരാധന നടത്താൻ നിരവധി ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടില്ല.
2. ഒരു ഏകീകൃത കുർബാന അർപ്പിച്ച് ജനാഭിമുഖം തുടരാൻ സമവായം മറ്റ് ആരാധനാലയങ്ങളിൽ നടപ്പായെങ്കിലും ബസിലിക്കയിൽ നടപ്പാക്കിയിട്ടില്ല.
സമവായം നടപ്പാക്കണം
ബസിലിക്കയിൽ കുർബാന പുനരാരംഭിക്കണമെന്നും സമവായം നടപ്പിൽ വരുത്തണമെന്നുമാണ് അതിരൂപതയിലെ വൈദികരും ഇടവക പ്രതിനിധികളും പങ്കെടുത്ത പ്രതിഷേധസംഗമത്തിലെ പ്രധാന ആവശ്യം. വൈദിക സമിതി സെക്രട്ടറി ഡോ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ജോസഫ് പാറേക്കാട്ടിൽ, ഫാ. സെബാസ്റ്റ്യൻ തളിയൻ, അൽമായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, പി.പി ജെറാർദ്തുടങ്ങിയവർ പ്രസംഗിച്ചു.
കുർബാന പുനരാരംഭിക്കണം
കുർബാന ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം സഭയെ അനുസരിക്കാത്ത വൈദികർക്കും വിശ്വാസികൾക്കുമാണെന്ന് സംയുക്ത സഭാസംരക്ഷണ സമിതി ആരോപിക്കുന്നു. കുറ്റക്കാരായ വൈദികർക്കും വിശ്വാസികൾക്കുമെതിരെ നടപടി വേണം. ഏകീകൃത കുർബാന ഉപാധികളില്ലാതെ നടപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ചെയർമാൻ മത്തായി മുതിരേന്തി, വിത്സൻ വടക്കുഞ്ചേരി, ജിമ്മി പുത്തരിക്കൽ, ജോസ് മാളിയേക്കൽ, കുര്യാക്കോസ് പഴയമഠം, ജോൺസൺ കോനിക്കര എന്നിവർ പ്രസംഗിച്ചു.