കളമശേരി: ഏലൂർ വ്യവസായമേഖലയിൽ കേന്ദ്രസർക്കാർ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയറിന്റെ അമൃത് ഫാർമസി സ്ഥാപിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നു. അർബുദ ബാധിതർ, ഹൃദ്രോഗികൾ തുടങ്ങിയവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ലഭിക്കും.

ഫാക്ട് സ്ഥലസൗകര്യം അനുവദിച്ചാൽ ഉദ്യോഗമണ്ഡൽ, അമ്പലമേട് എന്നിവിടങ്ങളിൽ ക്ലിനിക്കുകൾ സൗജന്യമായി നിർമ്മിക്കാമെന്നറിയിച്ച് എച്ച്.എൽ.എൽ ലൈഫ് കെയർ റീജണൽ മാനേജർ (ആർ.ബി.ഡി - സൗത്ത്) മധു മാധവൻ ഫാക്ട് സി.എം.ഡിക്ക് കത്തയച്ചു. ഫാക്ട് മാനേജുമെന്റ് തീരുമാനമെടുത്തിട്ടില്ല.

ഫാക്ടിനോട് ആവശ്യപ്പെട്ടത് 750 - 1000 സ്ക്വയർ ഫീറ്റ് കെട്ടിടമോ സ്ഥലമോ വാടക ഒഴിവാക്കി നൽകണം.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അമൃത് ഫാർമസി 2015 നവംബർ 15ന് ന്യൂഡൽഹി എയിംസ് ക്യാമ്പസിൽ ആരംഭിച്ചു.

മിനിരത്ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ എച്ച്.എൽ.എൽന് ചുമതല നൽകി.

അമൃത് ഫാർമസി

രാജ്യമൊട്ടാകെ 225 എണ്ണം. ജില്ലയിൽ 1 (അമൃത ഇടപ്പളളി)

പ്രയോജനങ്ങൾ

6500ൽ അധികം ഗുണമേന്മയുള്ള മരുന്നുകൾ. ഹൃദ്രോഗം, കാൻസർ, പ്രമേഹം, സ്റ്റെന്റുകൾ, ഇംപ്ലാന്റുകൾ, സർജിക്കൽ ഡിസ്പോസിബിൾസ്, മറ്റ് ഉപഭോഗ വസ്തുക്കൾ എന്നിവയ്ക്ക് 50 ശതമാനം കിഴിവ്

മറ്റ് ആശുപത്രിയിൽ ചികിത്സതേടിയാലും ഇവിടെനിന്ന് മരുന്ന് ലഭിക്കും.

പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞവിലയ്ക്ക് മരുന്നും ഉപകരണങ്ങളും ലഭിക്കുന്ന ഇത്തരം സംരംഭങ്ങളെ സ്വാഗതം ചെയ്യുന്നു. എല്ലാ പിന്തുണയും നൽകും

എ.ഡി. സുജിൽ, ഏലൂർ

നഗരസഭ ചെയർപേഴ്സൺ.

നിരവധി രോഗങ്ങൾകൊണ്ട് കഷ്ടപ്പെടുന്ന വ്യവസായ മേഖലയിലെ ജനങ്ങൾക്ക് സഹായകരമായതിനാൽ പൂർണപിന്തുണ

സജിത് ആർ. നായർ,

ബി.ജെ.പി മണ്ഡലം പ്രസിഡന്റ്.

അമൃത് ഫാർമസി, ഹിന്ദ് ലാബ് തുടങ്ങിയവ വന്നാൽ ഫാക്ടിന് അഭിമാന നേട്ടമാണ്. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും പ്രയോജനകരമാവും. പദ്ധതി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് ഫ്യൂവൽ യൂണിയൻ മാനേജ്മെന്റിന് കത്ത് കൈമാറിയിട്ടുണ്ട്

ടി.വി. സുജിത്ത്,

ജനറൽ സെക്രട്ടറി