കോലഞ്ചേരി: കൊച്ചി - ധനുഷ്കോടി ദേശീയപാത പത്താം മൈലിൽ അപകടക്കുഴി. കാഴ്ചയിൽ കുഴി ചെറുതാണെങ്കിലും ഇതിൽ വീഴുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് ഗുരുതര പരിക്കാണ് ഉണ്ടാകുന്നത്. ദേശീയപാത പത്താംമൈലിൽ കയറ്റത്തിലുണ്ടായ കുഴിയിൽ വീണ് അടിക്കടി അപകടങ്ങൾ പെരുകുമ്പോഴും ദേശീയപാത അതോറിട്ടി നിസംഗത തുടരുകയാണ്. ഇവിടെയുള്ള ഫേസ് 2 ഫാമിലി ബ്യൂട്ടി സലൂണിന് മുന്നിലാണ് അപകടക്കുഴിയുള്ളത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ എട്ട് ഇരുചക്ര വാഹനങ്ങളാണ് കുഴിയിൽ വീണ് മറിഞ്ഞത്. കുഴിക്കിരുവശവും റോഡ് അത്യാധുനിക നിലവാരത്തിൽ പൂർത്തിയായതിനാൽ കുഴി ഉണ്ടെന്നറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്. അശാസ്ത്രീയ വികസനം കൊച്ചി ധനുഷ്‌കോടി ദേശീയപാതയെ മരണക്കെണിയാക്കുന്നുവെന്ന പരാതി നേരത്തെയുണ്ട്.
പാതയ്ക്കരികിൽ നിർമ്മിക്കുന്ന കാനയാണ് മറ്റൊരു പ്രധാന വില്ലൻ. അശാസ്ത്രീയമായി നിർമ്മിച്ച മാമല ശാസ്താംമുകളിലെ കാനയിൽ വീണ് റിട്ട. അദ്ധ്യാപിക മാമല തുരുത്തിയിൽ ബീനയുടെ (67) ജീവൻ നഷ്ടമായിരുന്നു. ശാസ്താംമുകളിൽ സ്‌കൂട്ടർ കാനയിലേയ്ക്ക് വീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ചൂണ്ടി, പുതുപ്പനം, വാളകം, പെരുവുമൂഴി ഭാഗങ്ങളിലും ഇരുചക്ര വാഹനങ്ങൾ കാനയിൽ വീണ് അപകടങ്ങളുണ്ടായി.
കാന നിർമ്മാണത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കും സമീപവാസികൾക്കുമുള്ള ബുദ്ധിമുട്ടുകളും ചില്ലറയല്ല. ഇവരുടെ വഴി മുറിച്ചാണ് പലയിടത്തും കാന നിർമ്മാണം. നടപ്പു വഴി പോലും ലഭിക്കാതെ ദിവസങ്ങളോളം വീടൊഴിഞ്ഞും സ്ഥാപനം തുറക്കാതെയും ഇരിക്കുകയാണ് പലരും. മുൻകൂട്ടി അറിയിക്കാതെയുള്ള ഇത്തരം നടപടികൾ ചോദ്യം ചെയ്താൽ കേസിൽ കുടുക്കുമെന്നതടക്കം ഭീഷണിയാണ് കരാറുകാരിൽ നിന്ന് നാട്ടുകാർക്ക് ലഭിക്കുന്നത്.
35വർഷം മുമ്പുണ്ടായിരുന്ന ദേശീയപാത അതേപടി നിലനിർത്തി കാന കുഴിക്കുകയും പഴയ ടാറിംഗ് മാറ്റി ആധുനിക നിലവാരത്തിലുള്ളതാക്കുകയും ചെയ്തു എന്നതൊഴിച്ചാൽ മറ്റൊരു പ്രവൃത്തിയും നടക്കുന്നില്ല.
1073 കോടി രൂപയാണ് ദേശീയപാത പുനർ നിർമ്മാണത്തിന് കേന്ദ്ര ഫണ്ട് അനുവദിച്ചത്. എന്നാൽ ഇതിൽ നിന്ന് ഒരു രൂപ പോലും മനുഷ്യജീവനുകൾ പൊലിയാതെ നിർമ്മാണം നടത്താൻ മാറ്റിവയ്ക്കില്ലെന്ന നിലപാടിൽ നിന്ന് ദേശീയ പാത അതോറിറ്റി പിന്മാറണം
ജൂബിൾ ജോർജ്,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
വടവുകോട് ബ്ലോക്ക് പഞ്ചായത്ത്