ആലുവ: അടിക്കടി തകരാറാകുന്ന ലിഫ്റ്റിന് പകരം ആലുവ മിനി സിവിൽ സ്റ്റേഷനിൽ പുതി ലിഫ്റ്റ് സ്ഥാപിക്കുന്നതിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 26.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് നാലാം നിലയിലേക്ക് നടന്നുകയറിയ മദ്ധ്യവയസ്കൻ കുഴഞ്ഞുവീണതിനെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. എം.എൽ.എയുടെ നിർദ്ദേശപ്രകാരം പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങുകയായിരുന്നു. സാങ്കേതികാനുമതി കൂടി ലഭ്യമാക്കി ടെൻഡർ വിളിച്ച് പുതിയ ലിഫ്റ്റ് സ്ഥാപിക്കും.