road
മൂവാറ്റുപുഴ നഗര റോഡിന്റെ ടാറിംഗ് ഇന്നലെ രാവിലെ ആരംഭിച്ചപ്പോൾ

മൂവാറ്റുപുഴ: നഗര വികസനവുമായി ബന്ധപ്പെട്ട മൂവാറ്റുപുഴ നഗര റോഡിന്റെ ടാറിംഗ് ഇന്നലെ രാവിലെ പി.ഒ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. പി.ഒ ജംഗ്ഷൻ മുതൽ വള്ളക്കാലി ജംഗ്ഷന് സമീപം ജെ.കെ ടെക്സ്റ്റൈൽസിന്റെ മുൻഭാഗം വരെ 10 സെന്റീമീറ്റർ കനത്തിൽ 7.5 മീറ്റർ വീതിയിലാണ് ഇന്നലെ ടാറിംഗ് പൂർത്തിയാക്കിയത്. ജെ.കെ ടെക്സ്റ്റൈൽസ് മുതൽ സയാന ഹോട്ടലിന്റെ മുൻഭാഗം വരെയുള്ള ഭാഗം കുഴികൾ മൂടി ലെവൽ ചെയ്ത് അടുത്ത ദിവസത്തെ ടാറിംഗിന് വേണ്ടി എമൽഷൻ അടിക്കുന്നതിനുള്ള പ്രവൃത്തികളും ഇന്നലെ പൂർത്തീകരിച്ചു.

20 വർഷത്തോളമായി മൂവാറ്റുപുഴയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്ന വികസന പ്രവർത്തനത്തിന്റെ അന്തിമ ഘട്ടമാണ് നടക്കുന്നതെന്നും കാലാവസ്ഥ അനുകൂലമായി തുടർന്നാൽ ഒന്നരയാഴ്ചയ്ക്കുള്ളിൽ ഇരുഭാഗത്തെയും ഡി.ബി.എം ടാറിംഗ് പൂർത്തീകരിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ഉള്ളതെന്നും മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.

എന്നാൽ ഇഴഞ്ഞ് നീങ്ങിയ നഗരവികസ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സമരമാർഗവുമായി രംഗത്ത് വന്നതും, മൂവാറ്റുപുഴ ഡെവലപ്പ്മെന്റ് അസോസിയേഷൻ നടത്തിയ നിയമ പോരാട്ടവുമാണ് നഗരവികസന പ്രവർത്തനങ്ങൾ സജീവമാക്കുവാൻ കാരണമായതെന്നാണ് നാട്ടുകാരിൽ ചിലരുടെ വാദം. ഏതു സംരംഭത്തിന്റെയും അവസാന നിമിഷം ഫോട്ടോഷൂട്ടിന് വരുന്ന കുറേ അവകാശികൾ സാധാരണ എല്ലായിടത്തും ഉണ്ടാകാറുണ്ട്. ഇതെല്ലാം നടത്തിയത് ഞങ്ങളാണെന്ന് പറഞ്ഞ് പല അവകാശികളും രംഗത്ത് വരുമെന്നും ഇവർ പറയുന്നു.

ഓണത്തിന് മുമ്പായി ടാറിംഗ് പൂർത്തീകരിക്കാൻ കഴിയുമെന്ന് നഗരത്തിലെ വ്യാപാര സമൂഹത്തോട് പറഞ്ഞ വാക്ക് പാലിക്കാനുള്ള ശ്രമത്തിലാണ്.

മാത്യു കുഴൽനാടൻ

എം.എൽ.എ

എത്രയും പണി പൂർത്തീകരിച്ച് ജനങ്ങൾക്കും വ്യാപാരി സമൂഹത്തിനും സമാധാനത്തോടെ യാത്ര ചെയ്യാനും കച്ചവടം നടത്താനുമുള്ള സാഹചര്യം ഒരുക്കണം എന്നു മാത്രമാണ് വ്യാപാരി സംഘടനകൾ അടക്കമുള്ള മൂവാറ്റുപുഴയിലെ പൊതുസമൂഹം ആവശ്യപ്പെടുന്നത്

പി.എം. ഇബ്രാംഹിം

ചെറുകിട വ്യാപാരി