കൊച്ചി: രാജ്യത്തിന്റെ പരമാധികാര മേഖലയായ തീരക്കടലിലും ആഴക്കടലിലും മത്സ്യബന്ധനം നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പൊതുപെരുമാറ്റച്ചട്ടം മത്സ്യമേഖലയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) ആരോപിച്ചു. മത്സ്യബന്ധനമേഖലയെ വൻകിടക്കാരായ ചെറുവിഭാഗത്തിന് അടിയറവയ്ക്കുകയും 40 ലക്ഷം പരമ്പരാഗത സമൂഹത്തെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യും. സർക്കാർ നടപടികളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
കേന്ദ്രം പുറപ്പെടുവിച്ച നോട്ടീസിൽ സംസ്ഥാനങ്ങളും തല്പരകക്ഷികളും ഒരു മാസത്തിനകം പ്രതികരിക്കണമെന്ന് ജൂലായ് 31ന് ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി കമ്മിഷണർ നിർദ്ദേശിച്ചിട്ടുണ്ട്. കേരളമുൾപ്പെടെ സർക്കാരുകൾ പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ മേഖലയിൽ പ്രവർത്തിക്കുന്ന യാനങ്ങൾ എടുക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ചാണ് രേഖ പറയുന്നത്. ചെറുകിട, പരമ്പരാഗത മേഖലയിൽനിന്ന് 'വ്യവസായ മത്സ്യബന്ധന മേഖല'യിലേക്ക് മാറുന്നതിന്റെ ലക്ഷണമാണ് രേഖകളിൽ കാണുന്നത്.
25 മീറ്ററിന് മുകളിൽ നീളമുള്ള കപ്പലുകൾ അനുവദിക്കുമെന്നും അവയുടെ കൺസോർഷ്യങ്ങളെ സഹകരണ പ്രസ്ഥാനമായി പ്രവർത്തിപ്പിക്കുമെന്നുമുള്ള നിലപാടാണ് കേന്ദ്രസർക്കാരിന്. ആഴക്കടൽ മേഖലയിലെ മത്സ്യക്കൊള്ളയ്ക്കാണ് സർക്കാർ ചൂട്ടുപിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.