അങ്കമാലി: നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് ചികിത്സയിലൂടെ 80കാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി, കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ ശസ്ത്രക്രിയ, ഹൃദയചികിത്സാ രംഗത്ത് പുതിയ ചരിത്രമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ, ഹൃദയത്തിന്റെ മൈട്രൽ വാൽവിന് ഗുരുതരമായ ചോർച്ചയുണ്ടെന്ന് കണ്ടെത്തി.
രോഗിയുടെ പ്രായവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഓപ്പൺ ഹാർട്ട് സർജറി അതീവ അപകടകരമാകുമായിരുന്നു. സീനിയർ കാർഡിയോളജിസ്റ്റ് കൺസൾട്ടന്റ് ഡോ. ഹർഷ ജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം മിട്രാക്ലിപ്പ് ചികിത്സാരീതി തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. സർജറി ഇല്ലാതെ തുടയിലെ ചെറിയ മുറിവിലൂടെ കത്തീറ്റർ കടത്തിവിട്ട് മൈട്രൽ വാൽവിലെ ചോർച്ച ഇല്ലാതാക്കുന്ന ഈ ചികിത്സാ രീതി രോഗിക്ക് പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സഹായിച്ചു.
ഈ ചികിത്സാ വിജയം, അഡ്വാൻസ്ഡ് കാർഡിയാക് ചികിത്സാ രംഗത്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അപ്പോളോ ഹോസ്പിറ്റൽസ് കാർഡിയാക് സംഘം അറിയിച്ചു.