ആലുവ: മൾട്ടി ലെവൽ വാഹന പാർക്കിംഗ് പ്രഖ്യാപനം ജലരേഖയായതോടെ ആലുവ നഗരത്തിൽ പാർക്കിംഗ് സൗകര്യമില്ലാതെ വാഹന യാത്രക്കാർ വിഷമിക്കുന്നു. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പിൻവശം ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് നഗരസഭാ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നത്.
നഗരം രൂക്ഷമായ വാഹനക്കുരുക്കും പാർക്കിംഗ് പ്രശ്‌നവുമാണ് അഭിമുഖീകരിക്കുന്നത്. വാഹനപ്പെരുപ്പത്തിനനുസൃതമായി നഗരത്തിലെ റോഡുകൾ വികസിപ്പിച്ചിട്ടുമില്ല. ജില്ലയിൽ എറണാകുളം കഴിഞ്ഞാൽ ഏറ്റവും അധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ആലുവയിലാണ്. റെയിൽവേ സ്റ്റേഷൻ, ജില്ലാശുപത്രി, താലൂക്ക് ആസ്ഥാനം, റൂറൽ പൊലീസ് ജില്ല ആസ്ഥാനം, ശിവരാത്രി മണപ്പുറം, അദ്വൈതാശ്രമം, കൊച്ചി മെട്രോയുടെ ആരംഭകേന്ദ്രം, ഫെഡറൽ ബാങ്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുമുണ്ട്.
കൂടാതെ നാലാംമൈൽ, എടയാർ വ്യവസായ മേഖലയോട് തൊട്ടുരുമി നിൽക്കുന്ന നഗരവും ആലുവയാണ്.
മൾട്ടി ലെവൽ പാർക്കിംഗ്
ചുരുങ്ങിയ സ്ഥലത്ത് അഞ്ച് മുതൽ പത്ത് വരെ നിലകളിലായി വാഹനം പാർക്ക് ചെയ്യുന്ന സംവിധാനമാണ് മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം. കോൺക്രീറ്റ് കെട്ടിടമായും വലിയ ഇരുമ്പ് തൂണിലും ഹൈഡ്രോളിക് സംവിധാനത്തോടെ ഒരുക്കാം. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പിന്നിൽ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഒരുക്കുമെന്ന് അഞ്ച് വർഷം മുമ്പ് ലിസി എബ്രഹാം നഗരസഭാ അദ്ധ്യക്ഷനായിരിക്കെയാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്.
റെയിൽവേയുടെയും മെട്രോയുടെയും പാർക്കിംഗ് സൗകര്യമാണ് ആലുവയിൽ ആകെയുള്ളത്. സ്വകാര്യ മേഖലയിൽ ബാങ്ക് കവലയിൽ നജാത്തിന് എതിർവശവും സൗകര്യമുണ്ട്. ഇവിടെയൊക്കെ മണിക്കൂറുകൾക്കാണ് ചാർജ് ഈടാക്കുന്നത്.
മെട്രോയുടെ പാർക്കിംഗ് ഏരിയ പ്രവേശനകവാടത്തിൽ എപ്പോഴും 'പാർക്കിംഗ് ഫുൾ' ബോർഡുണ്ടാകും.
പാർക്കിംഗ് ഏരിയ
കച്ചവട സ്ഥാപനങ്ങളായി
ബഹുഭൂരിപക്ഷം ഷോപ്പിംഗ് കോംപ്ളക്സുകളുടെയും പാർക്കിംഗ് ഏരിയ കടമുറികളായതാണ് പ്രധാന പ്രതിസന്ധി. ഇതോടെ വ്യാപാരാവശ്യങ്ങൾക്കായി വരുന്നവർ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യണം. അടുത്തിടെ നിർമ്മാണം പൂർത്തീകരിച്ച ഷോപ്പിംഗ് കോംപ്ളക്സളിലും ഇതേ അവസ്ഥയാണ്. നഗരസഭയിൽ നൽകുന്ന രൂപരേഖയിൽ പാർക്കിംഗ് ഏരിയ കാണിക്കുമെങ്കിലും നിർമ്മാണം കഴിയുന്നതോടെ ഇവയൊക്കെ മുറികളായി മാറും.
സ്ഥലം കൈയടക്കി ഓട്ടോറിക്ഷകൾ
നഗരത്തിൽ ഒഴിഞ്ഞ സ്ഥലം കണ്ടാൽ ആ നിമിഷം ഓട്ടോറിക്ഷ സ്റ്റാൻഡാകും. മെട്രോ സ്‌റ്റേഷന് മുന്നിൽ മാത്രം എട്ട് സ്റ്റാൻഡുകളുണ്ട്. മേൽപ്പാലത്തിന് താഴെയുള്ള സ്ഥലം ഭൂരിഭാഗവും ഓട്ടോറിക്ഷക്കാർ കൈയടക്കി.