കൊച്ചി: വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തി കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സി.ഐ.ഐ കേരള എഡ്യൂക്കേഷൻ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ യുവജനങ്ങളെ ആഗോള തൊഴിൽ മേഖലയ്ക്ക് സജ്ജരാക്കുന്നതിൽ സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് അവർ വ്യക്തമാക്കി.
സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ഗവേഷണബന്ധം ശക്തിപ്പെടുത്തുന്നതിനായി 'വിജ്ഞാന കേരളം'പദ്ധതി നടപ്പാക്കും. അദ്ധ്യാപകർക്ക് വ്യവസായ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് നിരന്തര പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
കോൺക്ലേവിൽ കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, സി.ഐ.ഐ കേരള ചെയർമാൻ വി.കെ.സി റസാഖ്, സി.ഐ.ഐ കേരള എഡ്യൂക്കേഷൻ ആൻഡ് സ്‌കിൽസ് പാനൽ കൺവീനർ ഡോ.സി.ടി. അരവിന്ദകുമാർ എന്നിവരും സംസാരിച്ചു.
ഡോ. രാധ തേവന്നൂർ, ഡോ. ഷർമിള മേരി ജോസഫ്, ബി. ജയകൃഷ്ണൻ എന്നിവരും പങ്കെടുത്തു.