കോലഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായ കാന നിർമ്മാണത്തിനായി മാനാന്തടത്ത് റോഡരികിൽ ഉപേക്ഷിച്ച വാൽവ് വിറക് സൂക്ഷിപ്പ് കേന്ദ്രമായി മാറി. കൊച്ചി റിഫൈനറി തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റി എന്നിവിടങ്ങളിലേയ്ക്ക് വെള്ളമെത്തിക്കാൻ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച് കാലപ്പഴക്കത്താൽ ഉപേക്ഷിച്ച പൈപ്പ് ലൈനിന്റെ ഭാഗമായ കൂറ്റൻ വാൽവാണ് ഇത്. റോഡരികിൽ കിടക്കുന്ന ഈ വാൽവ് വാട്ടർ അതോറിറ്റിയാണ് എടുത്തുമാറ്റേണ്ടത്. എന്നാൽ, പരാതി നൽകിയപ്പോൾ ഒരു വശത്ത് നിന്ന് റോഡിന്റെ മറുവശത്തേക്ക് മാറ്റിവച്ചതല്ലാതെ നാളിതുവരെ വാൽവ് മാറ്റാൻ നടപടിയായില്ല.
മൂന്ന് ടൺ ഭാരം വരുന്ന വാൽവ് യന്ത്റ സഹായമില്ലാതെ അവിടെ നിന്ന് അനക്കാൻ കഴിയില്ല. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനിന് മുകളിലാണ് ദേശീയ പാത അതോറിറ്റി കാന നിർമ്മാണം പൂർത്തിയാക്കി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു വകുപ്പുകളും തമ്മിൽ ശീതസമരം നിലനില്ക്കുന്നുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡരികിലെ മണ്ണും കല്ലും മാറ്റുന്നതിനിടെ സൈഡിലേക്ക് നീങ്ങി കിടന്ന പൈപ്പ് റോഡിനോട് ചേർന്നായി മാറി. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
നിരവധി പരാതികൾ
ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുറത്തെടുത്ത വാൽവ് ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തിൽ വലിയ കുഴിയിലാണ് കിടന്നിരുന്നത്. കുഴിയിൽ വീണ് അപകടമുണ്ടാകുമെന്ന് പരാതി ഉയർന്നതോടെ പ്രദേശവാസികൾ എറണാകുളത്തെ ജല അതോറിറ്റിയുടെ ഹെഡ് ഓഫീസിൽ നേരിട്ടെത്തി പരാതി ബോധിപ്പിച്ചു. തുടർന്ന് ഈ വാൽവ് ഇവിടെനിന്ന് നീക്കം ചെയ്യുന്നതിനുള്ള ടെൻഡർ നടപടികൾ സ്വീകരിക്കുകയും വാൽവ് വലിയ കുഴിയിൽ നിന്ന് റോഡിലേക്ക് കയറ്റിവയ്ക്കുകയും ചെയ്തു. എന്നാൽ റോഡരികിൽ വീണ്ടും വെച്ചതിനെത്തുടർന്ന് ചൂണ്ടിയിലുള്ള വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥരെ ഫോണിലും രേഖാമൂലവും ബന്ധപ്പെട്ട് വാൽവ് മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടു. തുടർന്ന് ദേശീയപാത നിർമാണ കരാറുകാരൻ റോഡിന്റെ എതിർഭാഗത്തേക്ക് വാൽവ് മാറ്റിവെച്ച് കടമ തീർത്തു. വാൽവ് മാറ്റം കരാറുകാരന്റെ ഉത്തരവാദിത്തമാണെന്ന് ജല അതോറിറ്റിയും ജല അതോറിറ്റിയാണ് ചെയ്യേണ്ടതെന്ന് കരാറുകാരനും പരസ്പരം പഴി ചാരി നില്ക്കുകയാണ്.
വാൽവ് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. അല്ലെങ്കിൽ ജനത്തോടൊപ്പം നിന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്മാരെ തടഞ്ഞു വയ്ക്കുന്നതടക്കമുള്ള സമരങ്ങളിലേയ്ക്ക് നീങ്ങും
എം.എം. പൗലോസ്,
എൻ.സി.പി എസ്
ജില്ലാ ജനറൽ സെക്രട്ടറി