ആലുവ: അഴിമതിയാരോപിച്ച് നഗരസഭ കൗൺസിൽ ബഹിഷ്കരിച്ച ബി.ജെ.പി അംഗങ്ങൾ ചെയർമാനെ ഉപരോധിച്ചു. കൗൺസിൽ യോഗം അലങ്കോലമായതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
ഇന്നലെ വൈകിട്ട് മൂന്നിനാരംഭിച്ച യോഗമാണ് ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായത്. നഗരസഭാ ശതാബ്ദി ആഘോഷം, വർഷങ്ങൾക്ക് മുമ്പ് വള്ളംകളി, നഗരസഭ കാര്യാലയത്തിൽ ഫൗണ്ടൻ സ്ഥാപിക്കൽ എന്നിവയിൽ അഴിമതി നടത്തിയ ചെയർമാൻ എം.ഒ. ജോൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
ശതാബ്ദിയുടെ വരവ് ചെലവ് കണക്കുകൾ നഗരസഭയുടെ ഓഡിറ്റിൽ ഇല്ലെന്ന് മാത്രമല്ല അനുമതിയില്ലാതെ നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ച് പണമിടപാടുകൾ നടത്തിയെന്നും ഓംബുഡ്സ്മാൻ കണ്ടെത്തിയിരുന്നു. ബി.ജെ.പി കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിര ദേവി, ജില്ലാസെക്രട്ടറി എ. സെന്തിൽകുമാർ, മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ, മണ്ഡലം സെക്രട്ടറി എ.എസ്. സാലിമോൻ ഉപരോധ സമരത്തിന് നേതൃത്വം നൽകി.