കൊച്ചി: നിർമ്മാണ തകരാറുമൂലം തകർച്ചാഭീഷണിയിലായ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ജ് ആർമി ടവർ പാർപ്പിട സമുച്ചയത്തിലെ ബി, സി ടവറുകളിൽ നിന്ന് എല്ലാ താമസക്കാരും ആഗസ്റ്റ് 31നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് പതിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം കളക്ടർ അദ്ധ്യക്ഷനായി രൂപീകരിച്ച പ്രത്യേക സമിതിയുടെ തീരുമാനപ്രകാരമാണ് നോട്ടീസെന്ന് രണ്ട് ടവറുകളിൽ പതിച്ച ജില്ലാ കളക്ടറുടെ നോട്ടീസിൽ പറയുന്നു. കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കേണ്ട ചുമതല തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി സെക്രട്ടറിക്കാണ്.

29 നിലകൾ വീതമുള്ള രണ്ട് ടവറുകളിലായി 208 അപ്പാർട്ട്മെന്റുകളാണുള്ളത്. പകുതി​യോളം പേർ ഒഴി​ഞ്ഞു കഴി​ഞ്ഞു. ആറ് വർഷം മുമ്പ് ടവറുകൾ നി​ർമ്മി​ച്ച ആർമി​ വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) 170 കോടി​ രൂപ ചെലവി​ൽ രണ്ട് ടവറുകളും പൊളി​ച്ചുനീക്കി​ പുനർനി​ർമ്മി​ച്ചു നൽകുമെന്ന് ഹൈക്കോടതി​യെ അറി​യി​ച്ചതി​നെ തുടർന്നാണ് വി​ധി​യുണ്ടായത്. ഇതുപ്രകാരം മാറി​ താമസി​ക്കുന്നവർക്ക് എ.ഡബ്‌ള്യു.എച്ച്.ഒ. വാടക നൽകേണ്ടതുണ്ട്.

12 കേസുകൾ ഇന്ന് ഹൈക്കോടതി​യി​ൽ

ടവറുകൾ പൊളി​ച്ചുപണി​യുന്നതുമായി​ ബന്ധപ്പെട്ട 11 ഉടമകളുടെയും എ.ഡബ്‌ള്യു.എച്ച്.ഒയുടെ അപ്പീൽ ഹർജി​കൾ ഇന്ന് ഹൈക്കോടതി​ പരി​ഗണി​ക്കാനി​രി​ക്കെയാണ് ഇന്നലെ ഒഴി​പ്പി​ക്കൽ നോട്ടീസ് പതി​ച്ചത്. പുനർനി​ർമ്മാണത്തി​ന് 9-10 വർഷമെടുക്കുമെന്നാണ് എ.ഡബ്‌ള്യു.എച്ച്.ഒ സൂചി​പ്പി​ച്ചി​ട്ടുള്ളത്. എന്നാൽ വാടക വർദ്ധന വ്യവസ്ഥയി​ലുമി​ല്ല. ഇത് ചോദ്യം ചെയ്തും മറ്റുമാണ് അപ്പീലുകൾ. വാടക വർദ്ധി​പ്പി​ച്ച് നൽകിയതുൾപ്പടെ ഡി​വി​ഷൻ ബെഞ്ച് വി​ധി​ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എ.ഡബ്‌ള്യു.എച്ച്.ഒയുടെ ഹർജി​. ടവറുകൾ അപകടാവസ്ഥയിൽ ആയതിനെക്കുറി​ച്ച് സി​.ബി​.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി​ ഇന്നലെ ഹൈക്കോടതി​ പരി​ഗണി​ച്ചെങ്കി​ലും സെപ്തംബർ 24ലേക്ക് മാറ്റി​.