കൊച്ചി: ഇന്ത്യയിലെ പരസ്യചിത്ര സംവിധായകരുടെ സംഘടനയായ ഐ ആം ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ വെബ്‌സൈറ്റ് www.iamtalentbank.com ലോഞ്ച് ചെയ്തു. പരസ്യചിത്ര സിനിമാരംഗത്തെ എല്ലാവരെയും ഒരുമിപ്പിച്ചുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പരസ്യചിത്ര സംവിധായകനും സിനിമാഛായാഗ്രാഹകനുമായ രാജീവ് മേനോനും കേരള അഡ്വർടൈസിംഗ് ഏജൻസിസ് അസോസിയേഷൻ കെ3എ സംസ്ഥാന പ്രസിഡന്റ് രാജു മേനോനും ചേർന്ന് നിർവഹിച്ചു.
എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ ആം പ്രസിഡന്റും അമ്മ അസോസിയേഷൻ എക്‌സിക്യുട്ടീവ് അംഗവുമായ സിജോയ് വർഗീസ് അദ്ധ്യക്ഷനായി. നടിയും മോഡലുമായ റിതുമന്ത്രയ്ക്ക് ചടങ്ങിൽ മോഡൽ കാറ്റഗറിയിൽ ആദ്യ അംഗത്വംനല്കി.
പരസ്യചിത്ര- സിനിമാ മേഖലകളിലുള്ള അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ, ചിത്രീകരണ സഹായങ്ങൾ ഒരുക്കുന്നവർ തുടങ്ങിയവർക്കും ഒപ്പം പുതിയതായി ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ് വെബ്‌സൈറ്റെന്ന് ഐ ആം ജനറൽ സെക്രട്ടറി അരുൺ രാജ് കർത്തായും പ്രസിഡന്റ് സിജോയ് വർഗീസും അറിയിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ദീപു അന്തിക്കാട്, ജോയിന്റ് സെക്രട്ടറിമാരായ കുമാർ നീലകണ്ഠൻ, ഹാരിസ് മണ്ണഞ്ചേരിൽ, ട്രഷറർ അനിൽ ജെയിംസ് തുടങ്ങിയവർ സംബന്ധിച്ചു.