പറവൂർ: പറവൂർ ചേന്ദമംഗലം കവലയിലെ മൊബൈൽ കടയിൽ നിന്ന് സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങി സിം കാർഡ് ഇട്ട് ഉപയോഗിച്ച യുവാവിനെ തേടിയെത്തിയത് പൊലീസ്. ഫോൺ മോഷണക്കേസിൽ തന്നെ പിടികൂടാനാണ് പൊലീസ് വന്നതെന്നറിഞ്ഞ യുവാവ് ഞെട്ടി. ചേന്ദമംഗലം കവലയിലെ കടയിൽ നിന്ന് സെക്കൻഡ് ഹാൻഡായി 2,500 രൂപയ്ക്ക് വാങ്ങിയ ഫോണാണെന്ന് ഹോട്ടൽ ജീവനക്കാരനായ യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ, ഈ ഫോൺ പറവൂർ ചന്തയിലെ ഒരു കടയിൽ ജോലി ചെയ്യുന്ന യുവതിയുടേതാണെന്നും കഴിഞ്ഞ 12ന് മോഷണം പോയതാണെന്നും പൊലീസ് അറിയിച്ചു. യുവതി ജോലിചെയ്യുന്ന കടയിൽ വച്ചാണ് ഫോൺ മോഷണം പോയത്. യുവതി പൊലീസിൽ പരാതിയും നൽകിയിരുന്നു. സൈബർ സെല്ലിന് വിവരങ്ങൾ പൊലീസ് കൈമാറുകയും ചെയ്തു. യുവാവ് ഫോണിൽ സിം ഇട്ടതോടെയാണ് സൈബർ സെല്ലിന് വിവരം ലഭിച്ചത്. ഫോൺ മോഷ്ടിച്ച് കടയിൽ വില്പന നടത്തിയാളെ കണ്ടെത്താനായില്ല.