പെരുമ്പാവൂർ: ഓണക്കാലത്ത് വീടുകളിൽ പൂക്കളം തീർക്കാൻ വർണ്ണാഭമായ പൂക്കളൊരുക്കി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഒക്കൽ സംസ്ഥാന വിത്തുല്പാദന കേന്ദ്രം. സംസ്ഥാനത്തെ ഏറ്റവും മികച്ച വിത്തുല്പാദന കേന്ദ്രമായ ഒക്കൽ ഫാമിൽ ഇത്തവണ നെൽകൃഷിയോടൊപ്പം തന്നെ വിവിധ തരത്തിലുള്ള ചെണ്ടുമല്ലി കൃഷി ചെയ്താണ് ധാരാളം പൂക്കൾ ഉത്പാദിപ്പിച്ചത്. 33 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഫാമിന്റെ രണ്ട് ഏക്കറിലധികം സ്ഥലത്താണ് പൂവ് കൃഷി ചെയ്തത്. ഇതിന് പുറമെ പാടവരമ്പിലും ഫാം റോഡുകളിലുമൊക്കെ പൂക്കൃഷി ചെയ്തിട്ടുണ്ട്. പൂവ് കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സഹിത റഹീം, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ജെ. ബാബു, എം.കെ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ അമൃത സജിൻ, കെ.എം. ഷിയാസ്, സോളി ബെന്നി, എൻ. ഒ സൈജൻ, ഫാം കൗൺസിൽ അംഗം സി.വി ശശി, ഫാം സൂപ്രണ്ട് ബീദി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.