ആലുവ: ചുണങ്ങംവേലിയിൽ രാജഗിരി ആശുപത്രിയിലെ നേഴ്‌സിന്റെ അര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞില്ല. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭ്യമായ നമ്പർ പ്രകാരം നടന്ന പരിശോധനയിൽ പ്രതി സഞ്ചരിച്ച സ്കൂട്ടർ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായി.

വെള്ളിയാഴ്ച പകൽ 12.30ഓടെയാണ് നായത്തോട് ചെത്തിക്കോട് പുതുശേരി വീട്ടിൽ മരിയ സെബാസ്റ്റ്യന്റെ മാല മോഷ്ടാവ് പൊട്ടിച്ചെടുത്തത്. കാൽനടയായെത്തി മാല പൊട്ടിച്ച ശേഷം ഓടിയ പ്രതി കുറച്ചകലെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുമായിട്ടാണ് രക്ഷപ്പെട്ടത്. സംഭവ ദിവസം രാവിലെ മുതൽ ഇയാൾ ചുണങ്ങംവേലി കവലയിൽ നിന്ന് മഹാറാണി ഓഡിറ്റോറിയം റോഡിലേക്ക് പലവട്ടം പോകുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖത്ത് മാസ്കും തലയിൽ ഹെൽമെറ്റും വച്ചതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചുണങ്ങംവേലിയുമായി നല്ല ബന്ധമുള്ളയാളാണ് മോഷ്ടാവെന്നാണ് സൂചന.