കൊച്ചി: വാട്ടർമെട്രോ പദ്ധതി നടപ്പാക്കുന്നതോടെ ഗോവയുടെ മുഖച്‌ഛായ തന്നെ മാറുമെന്ന് ഗോവൻ ജലഗതാഗത മന്ത്രി സുഭാഷ് ദേശായി പറഞ്ഞു. വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾക്ക് കൊച്ചി മെട്രോ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.
ഗോവയിൽ 90 കിലോമീറ്ററോളം ഉൾനാടൻ ജലപാതകളുണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നിരവധി ദ്വീപുകളുമുണ്ട്. അവിടേക്ക് റോഡ് മാർഗം എത്താനാകില്ല. ഇവയെ തമ്മിൽ ബന്ധിപ്പിച്ച് വാട്ടർ മെട്രോ വരുന്നത് ഈ പ്രദേശത്തിന്റെയാകെ വികസനത്തിന് വഴിതുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റയുമായി ചർച്ച നടത്തിയ അദ്ദേഹം ഗോവയുടെ വാട്ടർ മെട്രോ പദ്ധതിക്ക് വേണ്ടി കൊച്ചി മെട്രോ നടത്തുന്ന സാദ്ധ്യതാ പഠനറിപ്പോർട്ടിന് വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും പറഞ്ഞു.
റിവർ നാവിഗേഷൻ വകുപ്പ് ഡയറക്ടർ വിക്രം സിംഗ് രാജെ ബോസ്ലെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഹൈക്കോർട്ടിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോയിൽ ഗോവൻ സംഘം യാത്ര നടത്തി. കെ.എം.ആർ.എൽ ഡയറക്ടർമാരായ ഡോ. എം.പി. രാംനവാസ്, സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്പോർട്ട്) ഷാജി ജനാർദ്ദനൻ എന്നിവർ പദ്ധതി വിശദീകരിച്ചു.