പള്ളുരുത്തി: കൊച്ചിൻ പോർട്ട് ഡ്രഡ്ജ്ചെയ്തുനീക്കുന്ന എക്കൽ ഉപയോഗിച്ച് ചെല്ലാനംതീരം പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദി കേന്ദ്രതുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാളിന് നിവേദനം നൽകി. കാലാവസ്ഥ വ്യതിയാനവും കടൽ ജലനിരപ്പ് ഉയരുന്നതും പൊതുവിൽ തീരത്തിന് ഭീഷണിയാകുമ്പോൾ ഡ്രഡ്ജിംഗ് തീരത്തെത്തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ജനകീയവേദി ജനറൽ കൺവീനർ വി.ടി. സെബാസ്റ്റ്യൻ, സേവ്യർദേശ് പള്ളി വികാരി ഫാ. ആന്റണിറ്റോ പോൾ എന്നിവർ കേന്ദ്രമന്ത്രിയോട് കടൽകയറ്റപ്രശ്നം വിശദീകരിച്ചു. നിവേദനം സ്വീകരിച്ച കേന്ദ്രമന്ത്രി തുടർ നടപടികൾക്കായി കൊച്ചിൻ പോർട്ട് ചെയർമാന് കൈമാറി.