police
പെരുമ്പാവൂരിൽ മാലിന്യകൂമ്പാരത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ സ്ത്രീ കമ്പ് കൊണ്ട് തോണ്ടി പുറത്തെടുക്കുന്നു

കൊച്ചി: പെരുമ്പാവൂർ കാഞ്ഞിരക്കാട് മസ്ജിദ് റോഡിൽ അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്‌ക്ക് താമസിക്കുന്ന വീടിന് സമീപത്തെ മാലിന്യ കൂമ്പാരത്തിൽ കുഴിച്ചിട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണെന്നാണ് പൊലീസിന്റെ നിഗമനം. ഇവർ താമസിച്ചിരുന്ന വീട് പൂട്ടിയിട്ട നിലയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീടിന് സമീപം നായ കുഴിമാന്തുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ മറ്റൊരു അന്യസംസ്ഥാന തൊഴിലാളി സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. ഒരു ദിവസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റേതാണ് മൃതദേഹം. ഇൻക്വസ്റ്റിനുശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇതുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ ഭാര്യയെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൃതദേഹം തോണ്ടിയെടുക്കാൻ

സ്ത്രീയെ നിയോഗിച്ച് പൊലീസ്

സംഭവ സ്ഥലത്ത് എത്തിയ പെരുമ്പാവൂർ പൊലീസ്, അന്യസംസ്ഥാന തൊഴിലാളിയായ ഒരു സ്ത്രീയെക്കൊണ്ട് കമ്പ് ഉപയോഗിച്ച് തോണ്ടി മൃതദേഹം പുറത്തെടുപ്പിച്ചത് ആക്ഷേപത്തിനിടയാക്കി. ഈ സമയം ഡിവൈ.എസ്.പിയും ഇൻസ്പെക്ടറും ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരായ പുരുഷന്മാരും കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നു.