suma-death
സുമ

പറവൂർ: ഒറ്റയ്ക്ക് താമസിക്കുന്ന തെക്കേനാലുവഴി സീതാഭവനിൽ പരേതനായ രമേഷ് ചന്ദ്രന്റെ ഭാര്യ സുമയുടെ (61) മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയി​ക്കുന്നു. ഏകമകൾ അഞ്ജന യു.കെയിലാണ്. മകൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതിനാൽ ബന്ധുക്കളെ അറിയി​ച്ചു. വാർഡ് കൗൺസിലർ സജി നമ്പിയത്ത് ഇന്നലെ വൈകിട്ട് സുമയുടെ വീട്ടിലെത്തിയപ്പോൾ പരിസരത്ത് ദുർഗന്ധം അനുഭവപ്പെട്ടു. ഉടനെ പറവൂർ പൊലീസിൽ അറിയിച്ചു. പൊലീസെത്തി ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വീട് തുറന്നപ്പോൾ ഡൈനിംഗ് റൂമിൽ മൃതദേഹം കണ്ടെത്തി. വീണുകിടക്കുന്ന മുറി​യി​ൽ രക്തം തളംകെട്ടിയിട്ടുണ്ട്. കഴിഞ്ഞ 23 മുതലുള്ള പത്രം വീടിന് മുൻവശത്തുനിന്ന് എടുത്തിട്ടില്ല.

ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും.