• രണ്ടുപേർക്ക് കടിയേറ്റു, വിദ്യാർത്ഥികൾ ഭീതിയിൽ
കൊച്ചി: പൂത്തോട്ട പുത്തൻകാവ് കെ.പി.എം ഹൈസ്കൂളിന് സമീപത്ത് എം.എൽ.എ റോഡിൽ കമ്പിവേലിക്കകത്തേക്കുള്ള റോഡിൽ തെരുവുനായശല്യം അതിരൂക്ഷം. സ്കൂൾ വിദ്യാർത്ഥികൾ നായകളെ പേടിച്ച് വഴിമാറിപ്പോകേണ്ട അവസ്ഥയിലാണ്. രണ്ടാഴ്ചയ്ക്കകം ഒരുകുട്ടിയെ ഉൾപ്പെടെ നിരവധി പേരെ നായകൾ ആക്രമിച്ചു. രണ്ടുപേർക്ക് കടിയേറ്റു. നായശല്യത്തെക്കുറിച്ച് ഉദയംപേരൂർ പഞ്ചായത്തിൽ നേരിട്ടും രേഖാമൂലവും പരാതികൾ നൽകിയിട്ടുണ്ടെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും പരാതിയുണ്ട്. ഒമ്പതാം വാർഡിലാണ് ഈ പ്രദേശം.
25 ഓളം നായകളാണ് കുറച്ചുനാളുകളായി ഇവിടെ തമ്പടിച്ചിട്ടുള്ളത്. ഇവിടുത്തെ ഒരു താമസക്കാരൻ ഭക്ഷണം കൊടുക്കുന്നതാണ് കാരണമെന്ന് പരിസരവാസികൾ പറയുന്നു. തിങ്കളാഴ്ച രാവിലെ ബൈക്കിൽ സഞ്ചരിച്ച പൂത്തോട്ട പുത്തൻകാവ് ശ്രീവത്സത്തിൽ എ.കെ. സാബുവിനെ (64) നായകൾ ആക്രമിച്ചു. കടികളേറ്റ സാബു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സതേടി. പേവിഷബാധ പ്രതിരോധിക്കാനുള്ള കുത്തിവയ്പ്പുമെടുത്തു. ഭാഗ്യത്തിനാണ് ബൈക്ക് അപകടത്തിൽപ്പെടാതിരുന്നത്.
കെ.പി.എം സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡാണിത്. ഇപ്പോൾ രക്ഷകർത്താക്കൾ ഒപ്പം വരികയോ ഓട്ടോകളിൽ കയറ്റിവിടുകയോ ഇരട്ടിയിലേറെ ദൂരം മറ്റു വഴികളെ ആശ്രയിച്ചോ ആണ് വിദ്യാർത്ഥികളുടെ സഞ്ചാരം.
ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി നായകൾ കൂട്ടംചേർന്ന് ആക്രമിച്ചു. ഒരു നായ തുരുതുരെ കടിച്ചു. ഇവയുടെ ശല്യം ഒഴിവാക്കാൻ അടിയന്തര നടപടി വേണം. സ്കൂൾ കുട്ടികൾ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം.
എ.കെ.സാബു
ഇവിടെ നായശല്യം രൂക്ഷമാണ്. വന്ധ്യംകരിച്ച് തിരികെ കൊണ്ടുവന്നു വിട്ടതാണ് ഇവയെ. പ്രദേശവാസി ഭക്ഷണം നൽകുന്നത് കൊണ്ടാണ് നായകൾ ഇവിടെ കേന്ദ്രീകരിക്കുന്നത്. നായശല്യം ഒഴിവാക്കാനുള്ള നടപടികൾ ഉണ്ടാകും.
എ.എസ്. കുസുമൻ
വാർഡ് അംഗം, ഉദയംപേരൂർ പഞ്ചായത്ത്.