കളമശേരി: ഏലൂർ വ്യവസായ മേഖലയിൽ തെരുവ് നായകളുടെ ആക്രമണത്തിനെതിരെ രംഗത്തു വന്നവരും മൃഗസ്നേഹികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു.
കഴിഞ്ഞദിവസം ഇന്നോവകാറിലെത്തിയ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം ഫാക്ട് പി.ഡി ജംഗ്ഷൻ, ബേക്കറി ജംഗ്ഷൻ, നഗരസഭാ ഓഫീസിന് സമീപം എന്നിവിടങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ എതിർപ്പുമായി പ്രദേശവാസികൾ എത്തിയതോടെ സംഘർഷാവസ്ഥയിലാകുകയും വാർഡ് കൗൺസിലർ പൊലീസിനെ വിളിച്ചുവരുത്തിയശേഷമാണ് വഴക്കും ബഹളവും കെട്ടടങ്ങിയത്.
ഏലൂരിനു പുറത്തുനിന്ന് നായകളെ കൊണ്ടുവന്ന് വിടുന്നതായി പരാതിയുണ്ട്. അതിൽ വളർത്തുനായ്ക്കളുമുണ്ട്. തെരുവ് നായ്ക്കൾക്ക് വിഷം കൊടുത്തുകൊന്ന് കുഴിച്ചിട്ട സംഭവങ്ങളും വിവാദമായിട്ടുണ്ട്.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് നേതൃത്വം കൊടുത്ത ഡോഗ് ക്യാച്ചർ, നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ എന്നിവരെ കൈയേറ്റംചെയ്ത സംഭവം ഉണ്ടായതും അടുത്തിടെയാണ്. അതിലെ പ്രതി റിമാൻഡിലുമായി.
പുലർച്ചെ സെന്റ് ആന്റണീസ് പള്ളി, നാറാണത്ത് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് വന്നിരുന്നവർ തെരുവ്നായ്ക്കളെ ഭയന്ന് ഇപ്പോൾ വരുന്നില്ല. വരുന്നവരാകട്ടെ മറ്റുള്ളവരുടെ സംരക്ഷണം തേടിയാണ് വരുന്നതെന്ന് കൗൺസിലർ കെ.ആർ. കൃഷ്ണപ്രസാദ് പറഞ്ഞു.