കാക്കനാട്: ചെമ്പുമുക്കിലെ നിർദ്ദിഷ്ട മെട്രോസ്റ്റേഷൻ സ്ഥലംഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിന്റെ നേതൃത്വത്തിൽ ചെമ്പുമുക്ക് ജംഗ്ഷനിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ഭാരവാഹി ജിംസൺ അദ്ധ്യക്ഷനായി.
മെട്രോ റെയിലിന്റെ തൃക്കാക്കരയിലേക്കുള്ള പ്രവേശന കവാടമായ ചെമ്പുമുക്കിൽ മെട്രോസ്റ്റേഷൻ നിർമ്മാണത്തിന് ഡി.പി.ആർ പ്രകാരം അംഗീകരിച്ച സ്ഥലം കൊച്ചി മെട്രോ അധികാരികൾ എത്രയും വേഗം ഏറ്റെടുക്കണമെന്നും വികസനവിരോധികൾക്കെതിരെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് സി.എസ്. വിനോദ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എ.വി. തോമസ്, കൺവീനർ ജെസ് ജോസഫ്, സെക്രട്ടറി റഷീദ്, ട്രാക്ക് വർക്കിംഗ് പ്രസിഡന്റ് കെ.എം. അബ്ബാസ്, തൃക്കാക്കര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനീറ ഫിറോസ്, വർഗീസ് പ്ലാശേരി, കൗൺസർമാരായ ഷാജി വാഴക്കാല, സോമി റെജി, അജിത തങ്കപ്പൻ, സി.പി.ഐ തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി ആന്റണി പരവര, വിവിധ റെസി. അസോസിയേഷൻ ഭാരവാഹികളായ അജ്മൽ ശ്രീകണ്ഠാപുരം, അനീഷ് തോമസ്, വർഗീസ് തോമസ്, അനിൽ കറ്റാനം, ആക്ഷൻ കൗൺസിൽ സഹഭാരവാഹികളായ കെ.എ. വർഗീസ്, വി.ജെ. ജോബ്, ജോസ് അപ്പാടൻ തുടങ്ങിയവർ സംസാരിച്ചു.