market

അങ്കമാലി: അങ്കമാലി മാർക്കറ്റിനോട് ചേർന്ന് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റുകൾ നിശ്ചലാവസ്ഥയിലായിട്ട് ഒരു വർഷമാകുന്നു. നഗരസഭ കോടികൾ ചെലവിട്ട് മാർക്കറ്റിൽ സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റും ജൈവ മാലിന്യ സംസ്ക്കരണ പ്ലാന്റുമാണ് പ്രവർത്തനരഹിതമായത്. വിവിധ കോണുകളിൽ നിന്ന് പരാതികളേറെ ഉയർന്നെങ്കിലും പരിഹരിക്കേണ്ട നഗരസഭ അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.

നഗരസഭ കോടികൾ ചെലവിട്ട് മാർക്കറ്റിൽ സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റും ജൈവ മാലിന്യ സംസ്കരണ പ്ലാന്റും പ്രവർത്തനരഹിതമായതിനെ തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ പ്ലാന്റിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. മുൻ നഗരസഭ ചെയർമാൻ ബെന്നി മൂഞ്ഞേലി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി സജി വർഗീസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ്,​ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ ജോഷി,​ കൗൺസിലർമാരായ മാർട്ടിൻ ബി. മുണ്ടാടൻ,​ രജിനി ശിവദാസൻ,​ മോളി മാത്യു തുടങ്ങിയവർ സംസാരിച്ചു.

ഒരിക്കൽ പോലും പ്രവർത്തിച്ചില്ല

മാർക്കറ്റിലെയും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓടകളിലൂടെ മാർക്കറ്റ് പരിസരത്ത് എത്തിചേരുന്നതുമായ മലിനജലം ശുദ്ധീകരിക്കുന്നതിനായിട്ടാണ് ഒരു കോടി പത്ത് ലക്ഷം ചെലവഴിച്ച് മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചത്. 2023ൽ ഉദ്ഘാടനം ചെയ്ത പദ്ധതി വഴി ഇതുവരെയും മലിനജലം ശുദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഇവിടത്തെ ടാങ്കുകൾ മാലിന്യം നിറഞ്ഞ നിലയിലാണ്. മാർക്കറ്റിലെ അറവ് മാലിന്യങ്ങളും ചോരയും പ്ലാന്റിന് സമീപമുള്ള ഓടയിൽ ഒഴുകി വന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ഇത് പലതരത്തിലുള്ള സാംക്രമിക രോഗികൾക്കും കാരണമാകുന്നതോടൊപ്പം സമീപത്തുകൂടി പോകുന്ന മാഞ്ഞാലി തോട് മലിനമാക്കുകയും ചെയ്യുന്നു.

നിശ്ചലം ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ

ഇതോടൊപ്പം ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ലക്ഷങ്ങൾ ചെലവഴിച്ച് മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള ഓർഗാനിക് വേസ്റ്റ് കൺവെർട്ടറും പ്രവർത്തനരഹിതമായിട്ട് കാലമേറെയായി.