മൂന്നിരട്ടി വില്പന പ്രതീക്ഷ;
160 ഉത്പന്നങ്ങൾ ലഭ്യമാക്കും
കൊച്ചി: ഓണക്കാലത്ത് പാലും പാലുത്പന്നങ്ങളും സുലഭമായി ലഭ്യമാക്കാൻ ഒരുക്കങ്ങളുമായി മിൽമ എറണാകുളം മേഖലാ യൂണിയൻ. പതിവിന് മൂന്നിരട്ടി ഉപഭോഗം പ്രതീക്ഷിച്ചാണ് ഒരുക്കങ്ങളെന്ന് മേഖലാ ചെയർമാൻ സി.എൻ. വത്സലൻപിള്ള പറഞ്ഞു.
അത്തം മുതൽ തിരുവോണം വരെ മേഖലാ യൂണിയൻ പരിധിയിലെ എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിൽ ഷുഗർ ഫ്രീയായ 65 ഇനം ഐസ്‌ക്രീമുകളും അഞ്ചിനം പേഡയും വിവിധയിനം പനീറും പാലടയും ഉൾപ്പെടെയുള്ള 160 ഉത്പന്നങ്ങൾ ലഭ്യമാക്കും.
തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശൂർ എന്നിവിടങ്ങളിലെ ഡയറികളിൽ നിന്ന് പാലും തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്‌സ് ഡെയറിയിലെ പാലുത്പന്നങ്ങളും ഉപഭോക്താൾക്ക് എത്തിക്കാൻ നടപടികളെടുത്തു.
ഗ്രാമീണവിപണി ലക്ഷ്യമിട്ട് പാലും മറ്റ് ഉത്പന്നങ്ങളും പ്രാഥമിക ക്ഷീരസംഘങ്ങളിലെ ഷോപ്പികൾ വഴി വിൽപ്പന നടത്തും. പരമാവധി വിറ്റുവരവും ലാഭവും നേടിയെടുത്ത് ക്ഷീരകർഷകരെ സഹായിക്കും. ഓണവിപണിയിൽ ഏറ്റവും വിശ്വാസ്യതയുള്ള മിൽമ ഉത്പന്നങ്ങൾ വിതരണം ചെയ്ത് സാമൂഹ്യ പ്രതിബന്ധത നിലനിറുത്തുമെന്ന് ചെയർമാൻ അറിയിച്ചു.