കൊച്ചി: അഞ്ചായി 'നടന്നിരുന്ന' ഓണാഘോഷം, ഈ വർഷം ഒന്നായി നടക്കും. കലൂർ സ്‌റ്റേഡിയം പരിസരത്തെ പ്രഭാത,സായാഹ്ന നടത്തക്കാരുടെ കൂട്ടായ്മകളായ മോണിംഗ് സ്റ്റാർ, റൈഡേഴ്‌സ്, സൂപ്പർഫാസ്റ്റ്, യംഗ്‌സ്റ്റേഴ്‌സ്, എച്ച്.ആർ.എഫ് എന്നിവർ ഇക്കുറി ഓണം കളറാക്കാൻ ഒറ്റക്കെട്ടാണ്. 30നാണ് 'സ്‌റ്റേഡിയം പൊന്നോണം 2025' എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷം.

രാവിലെ 9.30ന് സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയാകും. കൗൺസിലർമാരായ ദീപ്തി മേരി വർഗീസ്, ജോർജ് നാനാട്ട് എന്നിവർ സംസാരിക്കും. കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് ഉമ തോമസ് എം.എൽ.എ സമ്മാനങ്ങൾ നൽകും. അഞ്ച് കൂട്ടായ്മകളും വർഷങ്ങളായി തനിച്ചാണ് ഓണം ആഘോഷിച്ചിരുന്നത്.

മോർണിംഗ് സ്റ്റാർ കൂട്ടായ്മയാണ് ഇക്കുറി ഓണാഘോഷം ഒന്നിച്ചു നടത്തണമെന്ന ആശയം മുന്നോട്ടുവച്ചത്. മറ്റ് ഗ്രൂപ്പുകളും ആശയത്തിനൊപ്പം ചേർന്നു. അടുത്തിടെ ഒന്നിച്ച് കായികമേള സംഘടിപ്പിച്ച് വിജയിപ്പിച്ചതും കൂട്ടായ്മകളെ അടുപ്പിച്ചു. 45 ദിവസമായി രാവിലെ നടത്തത്തിനൊപ്പം ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകളും നടത്തി. വൈകിട്ട് 7വരെ നീളുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. അഞ്ച് കൂട്ടായ്മകളിലെ അംഗങ്ങളടക്കം 400 പേർ ഭാഗമാകും. നടി തെസ്‌നി ഖാനടക്കമുള്ളവർ കൂട്ടായ്മകളിലെ അംഗങ്ങളാണ്.

പ്രഭാതസവാരിക്കാരിക്കാരുടെ കൂട്ടായ്മകൾ ചേർന്ന് ആദ്യമായാകും ഈവിധം ഓണാഘോഷം സംഘടിപ്പിക്കാൻ ഒന്നിച്ചിട്ടുണ്ടാകൂക. ഓണസദ്യയടക്കം വിപുലമായ പരിപാടികളും അന്ന് നടക്കും
വി.എ ഫ്രാൻസിസ്,
രക്ഷാധികാരി