ആമ്പല്ലൂർ: ആമ്പല്ലൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും തുണിസഞ്ചി എത്തിക്കാൻ ഒരുങ്ങുകയാണ് ആമ്പല്ലൂരിലെ വനിതാകൂട്ടായ്മ. ക്യാമ്പയിനിനായി പഞ്ചായത്തിലെ വനിതകൾക്ക് തുണിസഞ്ചി നിർമ്മാണത്തിൽ തുരുത്തിക്കര സയൻസ് സെന്റർ സൗജന്യ പരിശീലനം നൽകി. എഡ്രാക് ആമ്പല്ലൂർ മേഖലയിലെ റെസിഡന്റ്സ് അസോസിയേഷനുകളും തുരുത്തിക്കര സയൻസ് സെന്ററുംസുസ്ഥിര ഫൗണ്ടേഷനുമാണ് സംയുക്തമായി ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഓരോ റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്നും ആദ്യഘട്ടത്തിൽ 25പഴയസാരികൾ വീതം സൗജന്യമായി ശേഖരിച്ച് തയ്യൽ പരിശീലനം നേടിയ വനിതകളുടെ വീടുകളിൽ എത്തിച്ച് സഞ്ചി തയ്ക്കുന്നു. ഒരു സാരിയിൽനിന്ന് ശരാശരി 10 സഞ്ചികൾ ലഭിക്കും. സഞ്ചികൾ റെസിഡന്റ്സ് അസോസിയേഷൻ മുഖേന വീടുകളിലും കടകളിലും എത്തിക്കുന്നു. സഞ്ചിയുടെ നിർമ്മാണ ചെലവായി വരുന്ന തുച്ഛമായ തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി സഞ്ചി സൗജന്യമായി നൽകാനാണ് ശ്രമിക്കുന്നത്.
പാഴ്‌വസ്തുവായി മാറുന്ന സാരിയെ പുനരുപയോഗ സാദ്ധ്യമായ ഉത്പന്നമാക്കി മാറ്റിക്കൊണ്ട് മാലിന്യ സംസ്കരണ പ്രവർത്തനം പുതിയ ഘട്ടത്തിലേക്ക് മാറുകയാണ്. ഉപയോഗശൂന്യമായി മാലിന്യമായി മാറുന്ന ഏതൊരു വസ്തുവിനും പുനരുപയോഗ സാദ്ധ്യതയുണ്ടെന്ന തിരിച്ചറിവ് സമൂഹത്തിലെത്തിക്കുകയാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യം. കൈരവം റെസി. അസോസിയേഷൻ വീടുകളിൽനിന്ന് ശേഖരിച്ച 25 സാരികൾ വാർഡ് മെമ്പറും കൈരവം രക്ഷാധികാരിയുമായ ബീനാ മുകുന്ദൻ എഡ്രാക് വനിതാവേദി കൺവീനർ എ.ഡി. യമുനക്ക് നൽകി സാരി ശേഖരണത്തിന് തുടക്കം കുറിച്ചു. സയൻസ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ പി. എ. തങ്കച്ചൻ,എഡ്രാക് മേഖല പ്രസിഡന്റ് കെ. എ. മുകുന്ദൻ സെക്രട്ടറി ടി.ആർ. ഗോവിന്ദൻ വനിതാവേദി പ്രവർത്തകരായ ലതാ ഷിബു, പുഷ്പദ, ജലജാ റെജി, മിനി ജഗദീഷ്, പല്ലവി എന്നിവർ പങ്കെടുത്തു.