വൈപ്പിൻ : കേരള തീരദേശ പരിപാലന അതോറിറ്റി പ്രസിദ്ധീകരിച്ച പുതിയ സി.ആർ.ഇസഡ് നിയമത്തിലെ നിർണായകമായ തിരുത്ത് വരുത്തി ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയിട്ടും ഭവന നിർമ്മാണത്തിനുള്ള അപേക്ഷകൾ എടവനക്കാട് ഗ്രാമപഞ്ചായത്ത് നിരസിക്കുന്നുവെന്ന് ആക്ഷേപം. സി.ആർ.ഇസഡ് ആക്ഷൻ കൗൺസിലാണ് ഗ്രാമപഞ്ചായത്തിനെതിരെ രംഗത്തിറങ്ങിയത്. പഞ്ചായത്തിന്റെ ഈ നടപടിയിലൂടെ പഞ്ചായത്തിലെ 300 ഓളം വരുന്ന കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനുള്ള മാർഗം അടയുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ചെമ്മീൻ കെട്ട്, തോടുകൾ എന്നിവയുടെ തീരത്ത് നിന്ന് നിശ്ചിത അകലം പാലിച്ചു മാത്രമേ വീട് നിർമ്മാണത്തിന് അനുമതിയുള്ളൂവെന്ന നിയമത്തിലാണ് ഭേദഗതി വരുത്തി കഴിഞ്ഞ ജൂലൈ 14 ന് ഉത്തരവ് പഞ്ചായത്തുകൾക്ക് നൽകിയത്. ഇത് പ്രകാരം 3,4,5, 8 വാർഡുകളിലായി 125 ഓളം പേർക്ക് തങ്ങളുടെ സ്ഥലത്ത് വീട് നിർമ്മിക്കാനാകും. കൂടാതെ പഞ്ചായത്തിൽ ലൈഫ് വീടുകൾ അനുവദിച്ചു കിട്ടുന്നതിന് അർഹരായ 175 കുടുംബങ്ങൾക്കും ലൈഫ് പദ്ധതിയിലൂടെ വീട് നിർമ്മിക്കാനാകും.
പുതിയ ഉത്തരവ് പ്രകാരം അപേക്ഷകന്റെ ഭൂമി മാപ്പിൽ വികസന നിരോധന മേഖലയിൽ ആയിരുന്നാലും തദ്ദേശവാസി ആണെങ്കിൽ 3229 ചതുരശ്ര അടി വരെയുള്ള വീട് നിർമ്മാണത്തിന് അനുവാദം നൽകാൻ പഞ്ചായത്തുകൾക്ക് കഴിയും. ഈ ആനുകൂല്യമാണ് ഇപ്പോൾ നിഷേധിക്കപ്പെടുന്നത്.
ഭേദഗതി നിയമപ്രകാരം വീട് നിർമ്മാണത്തിന് അർഹതയുള്ളവരും ലൈഫ്പദ്ധതിയിൽ പേരുണ്ടായിട്ടും സി.ആർ.ഇസഡ് നിയമത്തിന്റെ പേരിൽ പദ്ധതിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരും ഇന്ന് രാവിലെ എടവനക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിക്കും.
അർഹതയുണ്ടായിട്ടും പെർമിറ്റ് നിഷേധിക്കപ്പെട്ട ഇരകൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കയറി പെർമിറ്റ് അനുവദിക്കുന്നതുവരെ അവിടെ തുടരും.
ഇ.കെ. സലിഹരൻ
പ്രസിഡന്റ് സി.ആർ.ഇസഡ്
ആക്ഷൻകൗൺസിൽ, എടവനക്കാട്