മൂവാറ്റുപുഴ: പെറ്റിത്തുകയിൽ ക്രമക്കേട് കാട്ടിയ കേസിൽ അറസ്റ്റിലായ വനിതാ സിവിൽ പൊലീസ് ഓഫീസർ ശാന്തി കൃഷ്ണനെ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയം കിടങ്ങൂരിൽ സഹോദരിയുടെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവേ മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രിയിലാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാവിലെ 8ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം മൊഴി രേഖപ്പെടുത്തി. ചോദ്യങ്ങളോട് മൗനം പാലിക്കുകയും പലകാര്യങ്ങളും നിഷേധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി അവധിയായതിനാൽ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി. സെപ്തംബർ 9വരെ ജുഡിഷ്യൽ റിമാൻഡിൽ വിട്ട ശാന്തി കൃഷ്ണനെ കാക്കനാട് വനിതാ ജയിലിൽ അടച്ചു. കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് തന്നെ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ റൈറ്ററുടെ ജോലി ചെയ്ത കാലയളവിൽ ഗതാഗത നിയമലംഘനത്തിന് പിഴയായി അടപ്പിച്ച തുകയിൽ നിന്ന് 16.75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. മൂവാറ്റുപുഴ കോടതിയിലും എറണാകുളം സെഷൻസ് കോടതിയിലും തുടർന്ന് ഹൈക്കോടതിയിലും നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.