കുറുപ്പംപടി: കുറുപ്പംപടി - കൂട്ടിക്കൽ ( കോട്ടപ്പടി റോഡ്) റോഡിൽ പാറ ജംഗ്ഷന് സമീപം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിനു മുമ്പിൽ നിൽക്കുന്ന ആൽമരം വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ വർഷം റോഡിലേക്ക് ഒരു കൊമ്പ് ഒടിഞ്ഞു വീണിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് ഒരു ബൈക്ക് യാത്രികനും കുട്ടിയും രക്ഷപ്പെട്ടത്. ഇക്കാര്യം അന്നത്തെ ജില്ലാ കളക്ടറെ പാറ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നേരിൽ കണ്ട് നിവേദനവും നൽകിയിരുന്നു. രണ്ട് മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ആകാതെ വന്നപ്പോൾ വീണ്ടും കളക്ടർക്ക് നിവേദനം അയച്ചു. തുടർന്ന് പഞ്ചായത്തിന് മരം വെട്ടാൻ കളക്ടർ നിർദ്ദേശം നൽകി. പഞ്ചായത്ത് ഇലക്ട്രിക് ലൈനിന് ചേർന്നുള്ള കമ്പുകൾ വെട്ടി നീക്കുമ്പോൾ ലൈൻ ഓഫ് ചെയ്തു കൊടുക്കാൻ കെ.എസ്.ഇ.ബി. യോട് ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. 2 ആഴ്ചയോളം കഴിഞ്ഞ് ഓഫ് ആക്കാമെന്ന് അറിയിപ്പ് കിട്ടിയെങ്കിലും മരം വെട്ടുന്നതിന് തീരുമാനമായില്ല.