കൊച്ചി: പെരിയാർ നദീസംരക്ഷണവുമായി ബന്ധപ്പെട്ട പ്രായോഗിക പരിഹാരങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. കുഴിക്കണ്ടംതോട് ശുചീകരണ നടപടികൾ ഉടൻ പൂർത്തികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, എം.ബി.സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. മലിനീകരണം തടയാൻ നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് ഉത്തരവ്.

ഹർജി പരിഗണിക്കവേ ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഓൺലൈനിൽ ഹാജരായിരുന്നു. ബന്ധപ്പെട്ട പലവിഷയങ്ങളും സർക്കാരിന്റെ പരിഗണനയിലാണെന്നും സമയം അനുവദിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. വിഷയങ്ങൾ വളരെ ഗൗരവമുള്ളതും അടിയന്തര പ്രാധാന്യമുള്ളതുമാണെന്ന് ഹർജിക്കാർ വാദിച്ചു. കോടതി ഉത്തരവുകളെ തുടർന്ന് ഉന്നതതലസമിതി രൂപീകരിച്ചിട്ടും കുഴിക്കണ്ടം തോടിന്റെ ശോച്യാവസ്ഥ തുടരുകയാണ്. മഴമാറി പുഴയുടെ ഒഴുക്ക് സാധാരണ നിലയിലാകുമ്പോൾ സ്ഥിതി ഗുരുതരമാകുമെന്നും ചൂണ്ടിക്കാട്ടി.

നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വലിയ പുരോഗതിയുണ്ടായിട്ടില്ലെന്ന് സർക്കാരും സമ്മതിച്ചു. കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമായിവരുമെന്നും വ്യക്തമാക്കി.
പെരിയാറിലെ വെള്ളംമാത്രം ആശ്രയിക്കുന്ന ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ബോദ്ധ്യമുള്ളതിനാലാണ് നദി ശുദ്ധമായി ഒഴുകണമെന്ന് തങ്ങൾ താത്പര്യപ്പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരമുണ്ടാക്കാനാണ് ഏകീകൃത അതോറിട്ടിയെന്ന നിർദ്ദേശം കോടതി മുന്നോട്ടുവച്ചത്. ഇത്തരം ഒരു അതോറിട്ടിയുടെ കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഡിവിഷൻബെഞ്ച് ആവശ്യപ്പെട്ടു. ഹർജി സെപ്തംബർ പത്തിന് പരിഗണിക്കാൻ മാറ്റി. ഇതിനിടയിൽ നിർദ്ദേശങ്ങൾ നൽകാനാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.