കൊച്ചി: ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മണ്ണുത്തി- ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായെന്ന ദേശീയപാത അതോറിട്ടിയുടെയും കരാർ കമ്പനിയുടെയും നിലപാട് തള്ളി തൃശ്ശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഒറ്റവരിയായി നീങ്ങുന്ന ഇടങ്ങളിൽ ദിവസേന 74,000ത്തോളം വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇത് റോഡിന്റെ ശേഷിയേക്കാൾ 19,218 വാഹനങ്ങൾ കൂടുതലാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദ്ദേശപ്രകാരം ആഗസ്റ്റ് 23 നാണ് സമിതി റോഡിൽ പരിശോധന നടത്തിയത്.

വിലയ വാഹനങ്ങൾ മറ്റു റോഡുകളിലൂടെ തിരിച്ചുവിടുക സാദ്ധ്യമല്ല. ഭാരവണ്ടികൾ വഹിക്കാനുള്ള ശേഷി ചെറുറോഡുകൾക്കില്ല. കുരുക്ക് രൂക്ഷമാകുമ്പോൾ ചെറുവാഹനങ്ങൾ തിരിച്ചുവിടുന്നത് പരിഗണിക്കാം. ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ സഹായിക്കാൻ ദേശീയപാത അതോറിട്ടിയും ജീവനക്കാരെ നിയോഗിക്കണം. സാദ്ധ്യമായ സ്ഥലത്തെല്ലാം സർവീസ് റോഡിന്റെ വീതി കൂട്ടണമെന്നും റിപ്പോർട്ടിൽ പറയുന്നു.

റോഡുകൾ പര്യാപ്തമല്ല

ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ, മുടിക്കോട്, താന്നിപാടം, വാണിയമ്പാറ എന്നിവിടങ്ങളിലെ സർവീസ് റോഡുകൾ പര്യാപ്തമല്ല.

റോഡിലെ കുഴികളടക്കം ഗതാഗതത്തിന് തടസമാകുന്നു.

പരിഹാരം കാണാൻ എൻ.എച്ച്.എ.ഐ തുടർച്ചയായി നടപടി സ്വീകരിക്കണം.

 അടിപ്പാതകളുടെ നി‌ർമ്മാണം വേഗത്തിലാക്കണം.

 ആവശ്യത്തിന് തൊഴിലാളികളോ യന്ത്രങ്ങളോ ഇല്ല.

 മുരിങ്ങൂരിലടക്കം വെള്ളക്കെട്ട് പ്രശ്‌നമാണ്.

നിർമ്മാണ പ്രദേശങ്ങളിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളുമില്ല.