കൊച്ചി: സാനിട്ടറി മാലിന്യങ്ങൾ പ്രതിദിനം സംസ്‌കരിക്കാനാകുന്ന പ്ലാന്റുകൾ സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഈ സർക്കാറിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കും. വടക്കൻ മേഖലയിൽ രണ്ടും മദ് ധ്യ- തെക്കൻ മേഖലകളിൽ ഓരോന്ന് വീതവുമാണ് സാനിട്ടറി മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുക. അഞ്ച് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും. നഗരത്തിലെ മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള
പുതിയ ജില്ലാ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ് ) പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബ്രഹ്മപുരത്തിനു ശേഷം കൊച്ചിയിൽ 750 അംഗ ഹരിത കർമ്മ സേനയെ പരിശീലിപ്പിച്ചെടുത്തത് മാലിന്യ സംസ്കാരണരംഗത്തെ മാറ്റത്തിനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. മേയർ എം. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ടി. ജെ. വിനോദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിബ തുടങ്ങിയവർ സംബന്ധിച്ചു.
ആർ.ആർ.എഫ് പ്ലാന്റ്
മറൈൻ ഡ്രൈവിലെ ജി.സി.ഡി.എ. ഉടമസ്ഥതയിലുള്ള 19 സെന്റ് സ്ഥലത്ത് ഓർക്ല ഇന്ത്യയും (ഈസ്റ്റേൺ) ഗ്രീൻ വേംസും സംയുക്ത സാമ്പത്തിക സഹായം നൽകിയാണ് ആർ.ആർ.എഫ് പ്ലാന്റ് നിർമ്മിച്ചത്. ഹരിത കർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണമാണ് നടക്കുക. പ്രതിവർഷം 1200 മെട്രിക് ടൺ അജൈവ മാലിന്യം സംസ്‌കരിക്കാനാകും. പ്രാദേശികമായി 10 സ്ത്രീകൾക്ക് തൊഴിൽ ലഭിക്കും.
ഗ്രീൻ വേംസ്
മാലിന്യ സംസ്‌കരണ മേഖലയിൽ 10 വർഷമായി പ്രവർത്തിക്കുന്ന 'ഗ്രീൻ വേംസ്' എന്ന സാമൂഹ്യ സംരംഭമാണ് പ്ലാന്റിന്റെ നടത്തിപ്പിന് പിന്നിൽ. കേരളത്തിലെ 202 തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് പ്രതിമാസം 6,000 മെട്രിക് ടൺ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ട്.