ആലുവ: എൺപത്തിമൂന്നാം വയസിൽ വിടവാങ്ങിയ കിഴക്കെ കടുങ്ങല്ലൂർ വടക്കെ പറമ്പിൽ ഗൗരിക്കുട്ടി അമ്മ കടുങ്ങല്ലൂരിന്റെ തിരുവാതിര മുത്തശ്ശിയാണ്. കിഴക്കേ കടുങ്ങല്ലൂർ ഗ്രാമത്തിൽ തിരുവാതിര കളിയുടെ ആദ്യ പാഠം പകർന്നു നൽകിയത് ഗൗരിക്കുട്ടി അമ്മയാണ്.
പണ്ടുകാലത്ത് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞാൽ അടുത്ത് വരുന്ന തിരുവാതിരയ്ക്ക് വീടുകളിൽ പൂത്തിരുവാതിര എന്ന പേരിൽ തിരുവാതിരകളി നടന്നിരുന്നു. പൂത്തിരുവാതിരയ്ക്ക് ആവശ്യമായ പരിശീലനം നൽകിയിരുന്നത് ഗൗരിക്കുട്ടി അമ്മയുടെ നേതൃത്വത്തിലായിരുന്നു. അന്ന് വായ്പാട്ടു പാടിയാണ് ഗൗരിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ തിരുവാതിരക്ക് ചുവട് വച്ചിരുന്നത്.
ഇവർക്കൊപ്പം ചുവടുവെക്കാൻ ആനന്ദവല്ലി അമ്മ, ചന്ദ്രവതി അമ്മ, കനകലതാമ്മ എന്നിവരും ഉണ്ടാകും. ഇവർ നാല് പേരും ഒത്തുചേരുന്ന തിരുവാതിര കാണികൾക്ക് ഹരമായിരുന്നു. പാട്ടുപാടി ചാടി കുമ്മി കടിച്ചുള്ള ഇവരുടെ തീരുവാതിരയെ മറികടക്കാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല. മഞ്ഞച്ചേരെ നിന്റെ വാലെന്തിയേടി, കൊച്ചിക്കായലിൽ കപ്പലു വന്നു, തൂത്തിട്ടും പോണില്ല ചോനോനുറുമ്പ് തുടങ്ങിയ നിരവധി പാരമ്പര്യ തിരുവാതിര ഗാനങ്ങൾ ഇവരുടെ ശബ്ദത്തിൽ കേൾക്കുന്നത് കാണികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു.
കഴിഞ്ഞ ലോക വനിതാ ദിനത്തിൽ ഗൗരിക്കുട്ടി അമ്മയെ ഉപാസന മ്യൂസിക് ക്ലബ് ഭാരവാഹികളായ അനിൽകുമാർ, ശ്രീകുമാർ മുല്ലേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചിരുന്നു.