കൊച്ചി: വന്യജീവി ശല്യത്തെത്തുടർന്ന് കൈമാറിയ ഭൂമിയുടെ വില കിട്ടാൻ വനംവകുപ്പിനെതിരെ ഹൈക്കോടതിയിൽ അഭിഭാഷകരില്ലാതെ വാദിച്ചു ജയിച്ച യുവതി വീണ്ടും നിയമപോരാട്ടത്തിന്. കോതമംഗലം തൃക്കാരിയൂർ കുർബാനപ്പാറ പൈനാടത്ത് മേയ്‌മോൾ പി. ഡേവിസാണ് ഒന്നര വർഷത്തെ നിയമപോരാട്ടത്തിൽ വിജയം വരിച്ചശേഷം പുതിയ ഉപഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഭൂമിയുടെ വില നൽകുന്നതിൽ കോടതി വിധി ഉണ്ടായിട്ടും അനാവശ്യ കാലതാമസം ഉണ്ടാക്കി വട്ടം ചുറ്റിച്ചതിന് വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഹർജിയിലെ ആവശ്യം. വനംവകുപ്പ് 45ലക്ഷംരൂപ മേയ്മോൾക്ക് നൽകി ഭൂമി ഏറ്റെടുക്കണമെന്ന് ഒന്നരവർഷം മുമ്പ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരിന്നു. എന്നാൽ, ഇതിൽ പകുതി തുകയായ 22.5 ലക്ഷം രൂപ നൽകി ഭൂമിയുടെ ആധാരം സ്വന്തമാക്കാൻ വനംവകുപ്പ് ശ്രമിച്ചു. വനംവകുപ്പിന്റെ റിവ്യൂ ഹർജിയും മേയ് മോളുടെ അപ്പീലുമൊക്കെയായി വ്യാവഹാരം നീണ്ടുപോയി. ഒടുവിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് കഴിഞ്ഞ ജൂലായ് 18ന് ഹർജിക്കാരിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.

അവശേഷിക്കുന്ന 22.5ലക്ഷം രൂപ വനംവകുപ്പ് രണ്ടാഴ്ചക്കകം ഹൈക്കോടതിയിൽ കെട്ടിവയ്‌ക്കണമെന്നും ഹർജിക്കാരി ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്ത് ഹാജരാക്കണമെന്നുമായിരുന്നു വിധി. ഇതനുസരിച്ച് രജിസ്റ്റർ ചെയ്ത ആധാരം ഇന്നലെ കോടതിയിൽ ഹാജരാക്കി. മേയ്മോൾക്ക് തുക കൈമാറാൻ ഡിവിഷൻ ബഞ്ച് രജിസ്ട്രിയോട് നിർദ്ദേശിക്കുകയും ചെയ്തു. അഭിഭാഷകരില്ലാതെ സ്വന്തമായി കേസ് നടത്തിയതിന് പിന്നാലെ വസ്തുവിന്റെ ആധാരമെഴുതിയതും മേയ് മോൾ തന്നെയാണ്.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്നലെ ഫയൽ ചെയ്ത ഉപഹർജിയിൽ

ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വനം വകുപ്പിന്റെ വിശദീകരണം തേടി. കേസ് സെപ്തംബർ 30ന് വീണ്ടും പരിഗണിക്കും.