കൊച്ചി: ക്ഷേമ പെൻഷനുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ കൃത്യമായി നൽകാനുള്ള നടപടികൾ ഉൾപ്പെടെ എല്ലാവർക്കും നല്ല രീതിയിൽ ഓണം ആഘോഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ സപ്ലൈകോ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സപ്ലൈകോയുടെ ഇടപെടൽ പൊതുവിപണിയിലെ വെളിച്ചെണ്ണ വിലവർദ്ധന തടഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.
സെപ്തംബർ നാലുവരെ രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് ജില്ലാ ഓണം ഫെയർ. ഞായറാഴ്ചയും പ്രവർത്തിക്കും. ചടങ്ങിൽ സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തും.
സപ്ലൈകോ മാർക്കറ്റിംഗ് വിഭാഗം അഡിഷണൽ ജനറൽ മാനേജർ എം.ആർ. ദീപു അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ, ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ. ബിന്ദു, സപ്ലൈകോ ഭരണവിഭാഗം അഡിഷണൽ ജനറൽ മാനേജർ പി.ടി. സൂരജ്, സപ്ലൈകോ മേഖല മാനേജർ ടി.ജെ. ജയദേവ് തുടങ്ങിയവർ സംസാരിച്ചു.
സപ്ലൈകോ ശബരി ബ്രാൻഡിലുള്ള സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 339 രൂപയ്ക്കും സബ്‌സിഡി ഇതര വെളിച്ചെണ്ണ 389 രൂപയ്‌ക്കുമാണ് ഓണത്തിന് നൽകുന്നത്. വില്പന വില 529 രൂപയുള്ള കേര വെളിച്ചെണ്ണ 100 രൂപ കുറച്ച് 429 രൂപയ്ക്കാണ് നൽകുക. ഓണക്കാലത്ത് സബ്സിഡി അരിയ്ക്കു പുറമേ, കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി സപ്ലൈകോ നൽകും. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.