പെരുമ്പാവൂർ: ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 14 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അശമന്നൂർ മേതല കരയിൽ ഉദയകവലഭാഗത്ത് നമ്പേലി വീട്ടിൽ രാഹുൽ കുഞ്ഞിനെയാണ് (32) പെരുമ്പാവൂർ അഡീഷണൽ സെഷൻസ് ജഡ്‌ജി ആനി വർഗീസ് ശിക്ഷിച്ചത്. ഭർത്താവായ പ്രതി കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ച് 2024ജനുവരി 28ന് രാത്രി 10 മണിയോടെ കത്തിയുമായി വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
സംഭവസമയത്ത് കുറുപ്പംപടി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.കെ. സജീവ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിയ കേസിൽ ഹണി കെ.ദാസാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അന്വേഷണസംഘത്തിൽ എസ്.ഐ എം.ആർ. ശ്രീകുമാർ, സീനിയർ സി.പി.ഒ സുനിൽ കെ.ഉസ്മാൻ എന്നിവരാണുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.എം.ജി. ശ്രീകുമാർ ഹാജരായി.