കൊച്ചി: വനിതാ ഹോസ്റ്റലിൽ രാത്രി ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. യുവാവിന്റെ പരാതിയിൽ കണ്ടാലറിയുന്നവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വിവാഹം കഴിക്കാൻ പോകുന്ന യുവതിയെ കാണാൻ ചില ദിവസങ്ങളിൽ ഇവിടെ എത്താറുണ്ട്. കഴിഞ്ഞദിവസം എത്തിയപ്പോഴായിരുന്നു സംഭവം. തങ്ങളുടെ വിവാഹം വീട്ടുകാർ നിശ്ചയിച്ചിരിക്കുകയാണെന്ന്‌ പറഞ്ഞിട്ടും സമീപവാസികൾ മർദ്ദിക്കുകയായിരുന്നുവെന്ന് യുവാവ്‌ എളമക്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. സദാചാര പൊലീസിംഗാണെന്നാണ് യുവാവിന്റെ ആരോപണം.