കളമശേരി: വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ കളമശേരി കാർഷികോത്സവത്തിന് തിരി തെളിഞ്ഞു. ചലച്ചിത്രതാരം പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. കൃഷിഭൂമിയുടെ വിസ്തൃതി കുറയുകയും ജനസംഖ്യ വർദ്ധിക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ പുതിയ സാങ്കേതികവിദ്യകളിലൂടെ കാർഷികോത്പാദനം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കളമശേരി മണ്ഡലത്തിലെ ആയിരം ഏക്കറിൽ നെൽക്കൃഷിയും ആയിരത്തി ഇരുന്നൂറോളം ഏക്കറിൽ പച്ചക്കറിക്കൃഷിയും പുതുതായി ആരംഭിച്ചുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. സെപ്തംബർ 2വരെ നീണ്ടുനിൽക്കുന്ന കാർഷികോത്സവം ചാക്കോളാസ് ഗ്രൗണ്ടിലാണ് നടക്കുന്നത്.
ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക ഘോഷയാത്ര കളമശേരി മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ചു. കാർഷികോത്സവത്തിന്റെ പ്രതീകമായ കടമ്പൻമൂത്താൻ, ബാൻഡ് സംഘം, പഞ്ചവാദ്യം, വാദ്യമേളങ്ങൾ, പൊയ്ക്കാൽ സിനിമാ കഥാപാത്രങ്ങൾ, കാവടി, മാവേലി, മലയാളിമങ്കമാർ തുടങ്ങി വർണശബളവും വൈവിദ്ധ്യങ്ങൾ നിറഞ്ഞതുമായിരുന്നു ഘോഷയാത്ര.
മന്ത്രി പി. രാജീവ്, ജനപ്രതിനിധികൾ, കർഷക നേതാക്കൾ എന്നിവർ ചേർന്ന് ഘോഷയാത്ര നയിച്ചു.
മന്ത്രി പി. രാജീവ് നടപ്പാക്കുന്ന സൗജന്യ ഭവനപദ്ധതിയായ സ്നേഹവീടിന്റെ എട്ടാമത്തെയും ഒമ്പതാമത്തെയും വീടുകളുടെ താക്കോൽകൈമാറ്റവും പൃഥ്വിരാജ് നിർവഹിച്ചു.
കളക്ടർ ജി. പ്രിയങ്ക, ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി, സംഘാടകസമിതി ജനറൽ കൺവീനർ വിജയൻ പള്ളിയാക്കൽ എന്നിവർ സംസാരിച്ചു.