കൊച്ചി: 13 കോടി രൂപയുടെ ആതിര ഗോൾഡ് ആൻഡ് സിൽക്സ് സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കൊച്ചി ‌സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിന്റെ എറണാകുളം സാമ്പത്തിക വിഭാഗം യൂണിറ്റിന് കൈമാറി ഉത്തരവിറങ്ങി. ഇതുവരെ 13 കോടി രൂപയുടെ 95 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആദ്യഘട്ടത്തിലെ 10 കോടി രൂപയുടെ 75 കേസുകളാണ് കൈമാറിയത്. ബാക്കി കേസുകളും കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച് സംഘം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.

ഹൈക്കോർട്ട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ആതിര ഗോൾഡ് ആൻഡ് സിൽക്സ് സ്ഥാപനം റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ പണവും സ്വർണവും നിക്ഷേപമായി സ്വീകരിച്ച് ആൾക്കാരെ കബളിപ്പിച്ചെന്നാണ് കേസ്. വലിയലാഭം നൽകാമെന്നും സ്വർണം ബുക്ക് ചെയ്യുമ്പോഴുള്ള കമ്പോളവിലയ്ക്ക് ആവശ്യമുള്ളപ്പോൾ സ്വർണാഭരണങ്ങൾ നൽകുമെന്നുമായിരുന്നു വാഗ്ദാനം. സ്വർണവില കൂടിയതോടെ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടുകയും നിക്ഷേപകർക്ക് പണം നഷ്ടപ്പെടുകയും ചെയ്തു. കേസിൽ സ്ഥാപന ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.